newsroom@amcainnews.com

വീസ നിയമങ്ങള്‍ കര്‍ശനമാക്കി ജപ്പാൻ; ഇന്ത്യക്കാർക്ക് തിരച്ചടി

ടോക്കിയോ: ജപ്പാനില്‍ ബിസിനസ് വീസ നിയമങ്ങള്‍ കടുത്തതാക്കിയതിനെ തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടോളമായി രാജ്യത്ത് ജീവിക്കുന്ന ഇന്ത്യന്‍ പ്രവാസിക്ക് നാടുകടത്തല്‍ ഭീഷണി. ടോക്കിയോക്ക് സമീപമുള്ള സൈതാമയില്‍ കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യന്‍ റെസ്റ്റോറന്റ് നടത്തിവരുന്ന മനീഷ് കുമാര്‍ എന്ന പ്രവാസിയുടെ വിസ പുതുക്കാനുള്ള അപേക്ഷയാണ് ജപ്പാന്‍ ഇമിഗ്രേഷന്‍ വിഭാഗം നിരസിച്ചത്. ഇതേത്തുടര്‍ന്ന് ജാപ്പനീസ് പാര്‍ലമെന്റില്‍ നടന്ന ഒരു പൊതുയോഗത്തിനിടെ അദ്ദേഹം കണ്ണീരോടെ തന്റെ അവസ്ഥ വിവരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

’30 വര്‍ഷമായി ഞാന്‍ ഇവിടെ ജീവിക്കുന്നു. കഷ്ടപ്പെട്ട് സ്വന്തമായി ഒരു വീടും വാങ്ങി. എന്റെ മക്കള്‍ ഇവിടെയാണ് ജനിച്ചതും വളര്‍ന്നതും. അവര്‍ക്ക് ജാപ്പനീസ് മാത്രമേ സംസാരിക്കാന്‍ അറിയൂ. അവരുടെ കൂട്ടുകാരും പഠനവുമെല്ലാം ഇവിടെയാണ്. നിയമപരമായ എല്ലാ നികുതികളും ഒടുക്കി ജീവിച്ചിട്ടും, ഇപ്പോള്‍ പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ പറയുന്നത് എങ്ങനെ സാധിക്കും?’ എന്ന് ചോദിച്ചുകൊണ്ട് വികാരാധീനനാവുന്ന മനീഷ് കുമാറിന്റെ ദൃശ്യങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. പ്രാദേശിക ഭരണകൂടവും ഉപഭോക്താക്കളും തനിക്ക് വലിയ പിന്തുണ നല്‍കിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജ കമ്പനികള്‍ നിര്‍മ്മിച്ച് ബിസിനസ് വിസ ദുരുപയോഗം ചെയ്യുന്നത് തടയാനായി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജപ്പാന്‍ സര്‍ക്കാര്‍ ‘ബിസിനസ് മാനേജര്‍ വിസ’ നിയമങ്ങള്‍ പരിഷ്‌കരിച്ചത്. പുതിയ ഭേദഗതി പ്രകാരം ബിസിനസ് ആരംഭിക്കുന്നതിനും തുടരുന്നതിനുമുള്ള ഏറ്റവും കുറഞ്ഞ മൂലധന പരിധി 5 മില്യണ്‍ യെന്നില്‍ നിന്നും (ഏകദേശം $31,000) 30 മില്യണ്‍ യെന്നായി (ഏകദേശം $190,000) കുത്തനെ ഉയര്‍ത്തി. കൂടാതെ അപേക്ഷകര്‍ക്ക് പ്രത്യേക ജാപ്പനീസ് ഭാഷാ പ്രാവീണ്യവും (JLPT N2 ലെവല്‍) നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പെട്ടെന്നുണ്ടായ ഈ നിബന്ധനകള്‍ ചെറുകിട ബിസിനസ് നടത്തുന്ന വിദേശികള്‍ക്ക് വലിയ തിരിച്ചടിയായി. കടുത്ത സാമ്പത്തിക മാനദണ്ഡങ്ങള്‍ വന്നതോടെ ജപ്പാനില്‍ ബിസിനസ് വിസ അപേക്ഷകളില്‍ 96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിമാസം 1,700 ഓളം അപേക്ഷകള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 70 എണ്ണമായി കുറഞ്ഞു. പുതിയ ഭേദഗതികള്‍ പിന്‍വലിക്കണമെന്നോ പുനഃപരിശോധിക്കണമെന്നോ ആവശ്യപ്പെട്ട് ജപ്പാനില്‍ ഒപ്പുശേഖരണ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ അറുപതിനായിരത്തോളം ആളുകള്‍ ഒപ്പിട്ട ഹര്‍ജി ഇമിഗ്രേഷന്‍ സര്‍വീസ് ഏജന്‍സിക്ക് കൈമാറിയിരിക്കുകയാണ്. മനീഷ് കുമാറിന്റെ കേസ് ഒരു തുടക്കം മാത്രമാണെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശി വ്യാപാരികള്‍ക്ക് ജപ്പാന്‍ വിടേണ്ടി വരുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

You might also like

കാനഡയും തുർക്കിയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു

കാനഡയുടെ പുതിയ അന്തർവാഹിനി വ്യൂഹം ജർമ്മൻ കമ്പനിയായ TKMS നിർമ്മിക്കും; ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാട്

കാനഡയിൽ ബീഫ് വാങ്ങിയവർ ശ്രദ്ധിക്കുക; നഷ്ടപരിഹാരം ഉടൻ

വിംബിൾഡൺ 2026 വനിതാ സിംഗിൾസ് ഫൈനൽ: ലിൻഡ നോസ്കോവയുടെ ചരിത്രവിജയം

ജനങ്ങൾ ദുരിതത്തിൽ, CMHC ജീവനക്കാർക്ക് വൻതുക ബോണസ്: പ്രതിഷേധം ശക്തം

പസഫിക്കിനെ പിടിച്ചുകുലുക്കിയ ചൈനയുടെ മിസൈൽ പരീക്ഷണം: ആശങ്കയോടെ ലോകരാജ്യങ്ങൾ

Top Picks for You
Top Picks for You