നിരോധിച്ച തോക്കുകൾ സർക്കാരിന് കൈമാറുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന ഫെഡറൽ സർക്കാരിന്റെ പദ്ധതിക്ക് വൻ പ്രതികരണം. പദ്ധതി ആരംഭിച്ച് ആദ്യ ആഴ്ചയിൽ തന്നെ 22,251 തോക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉടമകൾ സർക്കാരിനെ അറിയിച്ചതായി പബ്ലിക് സേഫ്റ്റി കാനഡ വ്യക്തമാക്കി. AR-15 ഉൾപ്പെടെ യുദ്ധഭൂമിയിൽ മാത്രം ഉപയോഗിക്കേണ്ട 2,500 ഓളം തോക്കുകൾക്കാണ് നിലവിൽ നിരോധനമുള്ളത്. 2020 മെയ് മുതലാണ് രാജ്യത്ത് ഇത്തരം മാരകായുധങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.
തോക്കുകൾ കൈമാറാനോ അല്ലെങ്കിൽ അവ ശാശ്വതമായി പ്രവർത്തനരഹിതമാക്കാനോ താൽപ്പര്യമുള്ളവർക്ക് മാർച്ച് അവസാനം വരെ തങ്ങളുടെ വിവരങ്ങൾ സർക്കാരിനെ അറിയിക്കാം. ഇത്തരത്തിൽ തോക്കുകൾ നിയമപരമായി തിരിച്ചുനൽകുന്നവർക്കായി ഏകദേശം 25 കോടി ഡോളർ സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഒക്ടോബർ 30-ന് പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതിന് മുൻപായി കൈവശമുള്ള നിരോധിത ആയുധങ്ങൾ ഉടമകൾ നശിപ്പിക്കുകയോ സർക്കാരിനെ ഏൽപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്. ഏകദേശം ഒരുലക്ഷത്തോളം തോക്കുകൾക്ക് നഷ്ടപരിഹാരം നൽകാനാണ് നിലവിൽ സർക്കാർ തുക നീക്കിവെച്ചിരിക്കുന്നത്. രാജ്യത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാരകമായ തോക്കുകൾ പൊതുസമൂഹത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ഈ നീക്കം. നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് അർഹമായ തുക സർക്കാർ ലഭ്യമാക്കും.







