ബെയ്ജിങ്: രണ്ടു സെക്കൻഡ് കൊണ്ട്, മണിക്കൂറിൽ 700 കിലോമീറ്റർ വേഗമാർജിക്കുന്ന ബുള്ളറ്റ് ട്രെയിൻ അവതരിപ്പിച്ച് ചൈന ലോക റെക്കോർഡ് കുറിച്ചു. ചൈനയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ ഗവേഷകരാണ് ഈ അതിവേഗ മാഗ്ലേവ് (മാഗ്നറ്റിക് ലെവിറ്റേഷൻ) ട്രെയിൻ അവതരിപ്പിച്ചത്.
ഏകദേശം ഒരു ടൺ ഭാരമുള്ള ഒരു ട്രെയിൻ ബോഗിയാണ് 400 മീറ്റർ നീളമുള്ള മാഗ്നറ്റിക് ലെവിറ്റേഷൻ ട്രാക്കിലൂടെ ഓടിച്ചത്. അത് 700 കിലോമീറ്റർ വേഗമാർജിച്ച ശേഷം സുരക്ഷിതമായി നിർത്തുകയും ചെയ്തു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗമേറിയ സൂപ്പർകണ്ടക്റ്റിങ് ഇലക്ട്രിക് മാഗ്ലേവ് ട്രെയിനാണ് ഇത്. ഗവേഷകർ പുറത്തുവിട്ട വിഡിയോയിൽ ഒരു മിന്നൽ പോലെ പോകുന്ന ട്രെയിൻ കാണാം.
ചക്രങ്ങളില്ലാതെ കാന്തിക ശക്തി ഉപയോഗിച്ച് പാളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന അതിവേഗ ട്രെയിനാണ് മാഗ്ലേവ് ട്രെയിൻ. കാന്തിക ആകർഷണ–വികർഷണ ശക്തി കൊണ്ട് പാളത്തിനുമുകളിലൂടെ തെന്നിപ്പോകുകയാണ് ഇതു ചെയ്യുന്നത്. ഘർഷണം വളരെ കുറവായതിനാൽ വേഗം കൂടുതലായിരിക്കും.
ലോകത്ത് നിലവിലുള്ള ഇത്തരം ട്രെയിനുകളുടെ വേഗത്തിലെ റെക്കോർഡാണ് ചൈനയുടേത്. വിദൂര നഗരങ്ങൾക്കിടയിലെ യാത്രാസമയം ഏതാനും മിനിറ്റുകളിലേക്കു ചുരുക്കാൻ ഇതുവഴി കഴിയും. വൈദ്യുതകാന്തിക സംവിധാനം ഉപയോഗിക്കുന്നതിനാൽ ഇന്ധന ഉപഭോഗം കുറവായിരിക്കും. അതേസമയം, ഇതിന്റെ നിർമാണച്ചെലവു കൂടുതലായിരിക്കുമെന്നു വിദഗ്ധർ പറയുന്നു. ചൈനയിലെ ഷാങ്ഹായിലെ മാഗ്ലെവ് സർവീസ് പ്രസിദ്ധമാണ്. നഗരകേന്ദ്രത്തിൽനിന്ന് പുഡോങ് വിമാനത്താവളത്തിലേക്കുള്ള 30 കിലോമീറ്റർ നീളുന്ന ഈ സർവീസിന് 8 മിനിറ്റോളമാണ് സമയമെടുക്കുക. മണിക്കൂറിൽ 430 കി.മീയാണ് ഇതിന്റെ വേഗം.







