കാനഡയിലെ പൗരത്വ, സ്ഥിര താമസ, താൽക്കാലിക താമസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് താളംതെറ്റുന്നു. കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം വീണ്ടും വർധിച്ച് പത്ത് ലക്ഷത്തിലേക്ക് അടുക്കുന്നതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025 സെപ്റ്റംബർ 30 വരെ 996,700 അപേക്ഷകളാണ് ബാക്ക്‌ലോഗിലുള്ളത്. പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്‌ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
IRCC-യുടെ മൊത്തം പൗരത്വ, സ്ഥിര താമസ, താൽക്കാലിക താമസ അപേക്ഷകൾ (Total Inventory) 2,200,100 ആയി ഉയർന്നു. ഇതിൽ സേവന നിലവാരത്തിനപ്പുറം (Service Standards) കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ കണക്കുകൾ ഇപ്രകാരമാണ്:
സ്ഥിരതാമസ അപേക്ഷകൾ (Permanent Residence): 482,400 അപേക്ഷകൾ ബാക്ക്‌ലോഗിലാണ്. ഫാമിലി സ്പോൺസർഷിപ്പ് (Family Sponsorship) അപേക്ഷകളിൽ 19% ബാക്ക്‌ലോഗ് രേഖപ്പെടുത്തി, ഇത് 2023 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
താൽക്കാലിക താമസ അപേക്ഷകൾ (Temporary Residence): വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ്, വിസിറ്റർ വിസ എന്നിവ ഉൾപ്പെടെ 461,100 അപേക്ഷകൾ ബാക്ക്‌ലോഗിലുണ്ട്. വർക്ക് പെർമിറ്റ് അപേക്ഷകളുടെ 48% ബാക്ക്‌ലോഗാണ്.
പൗരത്വ അപേക്ഷകൾ (Citizenship): 53,200 പൗരത്വ അപേക്ഷകളാണ് നിലവിൽ ബാക്ക്‌ലോഗിലുള്ളത് (മൊത്തം അപേക്ഷകളുടെ 21%).







