കൺസർവേറ്റീവ് കോക്കസിൽ നിന്ന് രാജിവെച്ച്, ലിബറൽ പാർട്ടിയിൽ ചേർന്ന് നോവ സ്കോട്ടിയ എംപി ക്രിസ് ഡാൻട്രിമാൻ്റ്. 2019 മുതൽ കൺസർവേറ്റീവ് എംപിയായിരുന്ന അദ്ദേഹം, തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വിശദമാക്കിയിട്ടില്ല. പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ ആദ്യ ഫെഡറൽ ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാഷ്ട്രീയ നീക്കം. ഭൂരിപക്ഷം ഉറപ്പാക്കാൻ പ്രതിപക്ഷ എംപിമാരുടെ വോട്ടുകളോ വോട്ടെടുപ്പിൽ നിന്നുള്ള വിട്ടുനിൽക്കലോ ആവശ്യമായിരിക്കെ ക്രിസ് ഡാൻട്രിമാന്റിന്റെ പാർട്ടി മാറ്റം ശ്രദ്ധേയമായി. കാർണിയുടെ ലിബറലുകൾക്ക് ഭൂരിപക്ഷം നേടാൻ മൂന്ന് വോട്ടുകളുടെ കുറവ് മാത്രമാണുള്ളത്. ഈ രാഷ്ട്രീയ മാറ്റം വരാനിരിക്കുന്ന ബജറ്റ് വോട്ടെടുപ്പിൽ നിർണായകമായേക്കാം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 533 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് ഡാൻട്രിമാന്റ് വിജയിച്ചത്. അന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.







