വിക്ടോറിയ: ഈ വർഷം ആദ്യം പുറത്താക്കപ്പെട്ട ഫ്രേസർ ഹെൽത്ത് മുൻ സിഇഒയ്ക്ക് 600,000 ഡോളർ സെവെറൻസ് പേഔട്ട് പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി കനേഡിയൻ ടാക്സ് പെയേഴ്സ് ഫെഡറേഷൻ രംഗത്ത്. മുൻ സിഇഒ ഡോ. വിക്ടോറിയ ലീയ്ക്ക് ഇത്രയധികം പേഔട്ട് ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കനേഡിയൻ ടാക്സ് പെയേഴ്സ് ഫെഡറേഷൻ ബീസി ബ്രാഞ്ച് അറിയിച്ചു. ഫ്രേസർ ഹെൽത്ത് തിങ്കളാഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്ത രേഖകൾ സൂചിപ്പിക്കുന്നത് ഡോ. വിക്ടോറിയ ലീയുടെ സെവെറെൻസ് പേഔട്ട് ബീസി സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നാണ്. കൂടാതെ, വിവരാവകാശ രേഖകൾ പ്രകാരം, ലീയ്ക്ക് ഏകദേശം 52,000 ഡോളർ വെക്കേഷൻ പേഔട്ടും ലഭിക്കുന്നുണ്ട്.
ബ്രിട്ടീഷ് കൊളംബിയയിലെ സാധാരണക്കാർ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പാടുപെടുമ്പോൾ ഒരു മുൻ സിഇഒയ്ക്ക് ഇത്രയധികം വേതനം ലഭ്യമാക്കുക എന്നത് അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണെന്ന് ബീസി കനേഡിയൻ ടാക്സ് പെയേഴ്സ് ഫെഡറേഷൻ ഡയറക്ടർ കാർസൺ ബിൻഡ പറഞ്ഞു. പ്രതിസന്ധി നേരിടുന്ന ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ തുക ഉപയോഗിക്കുന്നതിന് പകരം പേഔട്ട് നൽകുന്നതിനോട് യോജിക്കാനാവില്ലെന്ന് പറഞ്ഞ ബിൻഡ സർക്കാരിനെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തി. ഫെബ്രുവരിയിലാണ് സിഇഒ സ്ഥാനത്ത് നിന്നും ലീ പടിയിറങ്ങിയത്. അടുത്ത 18 മാസത്തിനുള്ളിൽ ലീയ്ക്ക് തുക നൽകുമെന്നാണ് രേഖകൾ വെളിപ്പെടുത്തുന്നത്.







