newsroom@amcainnews.com

യുവാക്കളെ ഇപ്പോഴേ തയ്യാറെടുക്കൂ… 5 വർഷത്തിനകം എഐ കുറേ ജോലികൾ കളയും കൗമാരക്കാരോട് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ

കാലിഫോർണിയ: ലോകം ആർട്ടിഫിഷ്യൽ ഇൻറലിജൻസിലേക്ക് (AI) അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് യുവാക്കൾക്ക്, പ്രത്യേകിച്ച് കൗമാരക്കാർക്ക് വ്യക്തമായ ഒരു സന്ദേശം നൽകിയിരിക്കുന്നു. അഞ്ച് വർഷത്തിനകം ജോലികൾ എഐ ഇല്ലാതാക്കുമെന്നും ഇപ്പോഴേ തയ്യാറെടുക്കൂ എന്നുമാണ് കൗമാരക്കാർക്കുള്ള അദേഹത്തിൻറെ മുന്നറിയിപ്പ്. “ഹാർഡ് ഫോർക്ക്” എന്ന ജനപ്രിയ ടെക് പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നതിനിടെ കൗമാരക്കാരോട് കൃത്രിമബുദ്ധി പഠനത്തിൽ മുഴുകാൻ ഹസാബിസ് പ്രോത്സാഹിപ്പിച്ചു. എഐ ഇപ്പോഴത്തെ കൗമാരക്കാരുടെ കാലത്തെ നിർവചിക്കുന്ന സാങ്കേതിക ശക്തിയാണ്, ഇപ്പോൾ തന്നെ തയ്യാറെടുക്കൂ, അല്ലെങ്കിൽ പിന്നിലായിപ്പോകും എന്നും കൗമാരക്കാരോട് ഡെമിസ് ഹസാബിസ് നിർദേശിച്ചു.

ഗൂഗിളിൻറെ ഏറ്റവും നൂതനമായ എഐ സാങ്കേതികവിദ്യകളായ ജെമിനി ചാറ്റ്ബോട്ട്, ഭാവിയിലെ ആർട്ടിഫിഷ്യൽ ജനറൽ ഇൻറലിജൻസ് (AGI) എന്നിവയിൽ പ്രവർത്തിക്കുന്ന ലാബിനെ നയിക്കുന്നത് ഡെമിസ് ഹസാബിസാണ്. അടുത്ത 10 വർഷത്തിനുള്ളിൽ മനുഷ്യരെപ്പോലെ ചിന്തിക്കുന്ന എഐ സംവിധാനങ്ങൾ നമുക്ക് കാണാൻ കഴിയുമെന്ന് ഹസാബിസ് വിശ്വസിക്കുന്നു.

ഗൂഗിളിൻറെ ഡെവലപ്പർ ഇവൻറായ ഗൂഗിൾ ഐ/ഒയിലും ടെക് പോഡ്‌കാസ്റ്റ് ഹാർഡ് ഫോർക്കിലും ഡെമിസ് ഹസാബിസ് കൗമാരക്കാർക്ക് ഇതേ ഉപദേശം നൽകി. ഇന്ന് എഐയുടെ യുഗമാണെന്ന് ഹസാബിസ് പറഞ്ഞു. ഇൻറർനെറ്റ് മില്ലേനിയലുകളെ രൂപാന്തരപ്പെടുത്തിയതുപോലെയും സ്‍മാർട്ട്‌ഫോണുകൾ ജെൻസിയെ രൂപാന്തരപ്പെടുത്തിയതുപോലെയും ജെൻ ആൽഫ ജനറേറ്റീവ് എഐ വഴി നിർവചിക്കപ്പെടും എന്നും അദേഹം പറയുന്നു. യുവജനങ്ങളോട് കൃത്രിമ ബുദ്ധിയിലേക്ക് ആഴ്ന്നിറങ്ങാനും അത് പഠനത്തിൻറെ ഭാഗമാക്കാനും ഡെമിസ് ഹസാബിസ് ഉപദേശിച്ചു.

വരുന്ന അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ കൃത്രിമബുദ്ധി കാരണം ചില ജോലികൾ അപ്രത്യക്ഷമായേക്കാം എന്നും എന്നാൽ ഇത് കൂടുതൽ രസകരവും വിലപ്പെട്ടതുമായ തൊഴിലവസരങ്ങൾ സൃഷ്‍ടിക്കുമെന്നും ഹസാബിസ് പറഞ്ഞു. അതുകൊണ്ട് എഐ ഉപകരണങ്ങളും അവയുടെ പിന്നിലെ ആശയങ്ങളും മനസിലാക്കാൻ അദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികളോട് സാങ്കേതികവിദ്യയുടെ “നിൻജകൾ” ആയി മാറാനും ഡെമിസ് ഹസാബിസ് ഉപദേശിച്ചു. ഇന്ന് ചിന്തിക്കാനും, മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും, സാങ്കേതിക വൈദഗ്ധ്യം നേടുന്നതിനൊപ്പം സർഗ്ഗാത്മകത പുലർത്താനുമുള്ള സമയമാണെന്നും ഹസാബിസ് കൂട്ടിച്ചേർത്തു.

വരും തലമുറയ്ക്ക് കോഡിംഗ് പോലുള്ള സാങ്കേതിക പരിജ്ഞാനം മാത്രം പോരാ എന്നും ഡെമിസ് ഹസാബിസ് പറഞ്ഞു. അതായത് സാങ്കേതിക പരിജ്ഞാനം മാത്രം മതിയാകുമെന്ന് അദേഹം വിശ്വസിക്കുന്നില്ല. STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) തുടങ്ങിയവയിൽ ശക്തമായ ഒരു അടിത്തറ അത്യാവശ്യമാണെന്നും ഡെമിസ് ഹസാബിസ് വ്യക്തമാക്കി. അതേസമയം സർഗ്ഗാത്മകത, പൊരുത്തപ്പെടുത്തൽ, പ്രതിരോധശേഷി തുടങ്ങിയ “മെറ്റാ കഴിവുകൾ” ഭാവിയിൽ ഉപയോഗപ്രദമാകും എന്നും ഹസാബിസ് വ്യക്തമാക്കി.

ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി എത്തിയതിനുശേഷം എഐയുടെ വളർച്ച വളരെ വേഗത്തിലായി. ഇത് ഒരു വശത്ത് ആവേശം സൃഷ്‍ടിച്ചിട്ടുണ്ടെങ്കിലും മറുവശത്ത് എഐ ജോലികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ആളുകൾ ആശങ്കാകുലരാണ്. ഈ സാഹചര്യത്തിൽ എഐയെ മനസിലാക്കുകയും ഉപയോഗിക്കുകയും നവീകരിക്കുകയും ചെയ്യുക എന്നത് ഇന്നത്തെ യുവജനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയും ഉത്തരവാദിത്തവുമാണെന്ന് ഹസാബിസ് പറഞ്ഞു.

എഐ ഭാവി മാത്രമല്ല, വർത്തമാനവും കൂടിയാണെന്നും ഡെമിസ് ഹസാബിസ് പറയുന്നു. ഇന്ന് അത് സ്വീകരിക്കുന്ന യുവാക്കൾ നാളത്തെ ലോകത്ത് മുന്നിലായിരിക്കും. ഒരു ബിരുദത്തിനായി മാത്രമല്ല, സ്വയം മനസ്സിലാക്കാനും പഠന പ്രക്രിയ മെച്ചപ്പെടുത്താനും യൂണിവേഴ്സിറ്റി സമയം ഉപയോഗിക്കണമെന്ന് അദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. എഐ നിരവധി കഠിനമായ കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനാൽ, ഇന്നത്തെ യുവാക്കൾക്ക് വഴക്കം, വൈജ്ഞാനിക ചടുലത തുടങ്ങിയ കഴിവുകൾ വികസിപ്പിക്കേണ്ടിവരുമെന്നും ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് മുന്നറിയിപ്പ് നൽകി.

You might also like
Colorful Indian Independence Day Celebrations Across America: Diaspora Community Prepares with Diverse Events

അമേരിക്കയിലുടനീളം വർണ്ണാഭമായ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾ: വൈവിധ്യമാർന്ന പരിപാടികളോടെ പ്രവാസി സമൂഹം ഒരുങ്ങുന്നു

ടിസാക്ക് വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ചാമ്പ്യന്‍സ്

Wildfires Spread in Washington State: Over 250,000 Acres Damaged; Evacuations Underway

വാഷിംഗ്‌ടൺ സ്റ്റേറ്റിൽ കാട്ടുതീ പടരുന്നു: രണ്ടര ലക്ഷത്തിലധികം ഏക്കർ വിസ്തൃതിയിൽ നാശനഷ്ടം; ആളുകളെ ഒഴിപ്പിക്കുന്നു

Glasgow Commonwealth Games Come to a Close: Sports Secretary Adam van Koeverden Pays Tribute to Team Canada

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല: ടീം കാനഡയ്ക്ക് ആദരവുമായി കായിക സെക്രട്ടറി ആദം വാൻ കൂവർഡൻ

അറ്റ്ലാൻ്റാ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ ഓഗസ്റ്റ് ഏഴ് മുതൽ

89 വർഷത്തെ മധുരപാരമ്പര്യത്തിന് വിരാമം: അസ്റ്റോറിയക്കാരുടെ പ്രിയപ്പെട്ട ‘ലാ ഗുലി’ ബേക്കറി എന്നെന്നേക്കുമായി അടച്ചു

Top Picks for You
Top Picks for You