newsroom@amcainnews.com

ആര്യാടൻ ഷൗക്കത്ത് കോൺഗ്രസിന്റെ സാംസ്കാരിക മുഖം; സ്‌കൂൾ ലീഡറായി ആരംഭിച്ച പൊതുപ്രവർത്തനം, പഞ്ചായത്ത് പ്രസിഡന്റായും ന​ഗരസഭാ അധ്യക്ഷനായും നിലമ്പൂരിൽ നടപ്പാക്കിയത് നിരവധി മാതൃകാ പദ്ധതികൾ…

മലപ്പുറം: കോൺഗ്രസിന്റെ സാംസ്കാരിക മുഖമായ ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിന്റെ പാരമ്പര്യവുമായാണ് നിലമ്പൂരിൽ രണ്ടാം വട്ടം മത്സരത്തിനിറങ്ങുന്നത്. 2016ൽ കൈവിട്ടുപോയ മണ്ഡലത്തെ തിരിച്ചു യുഡിഎഫ് പാളയത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷൗക്കത്ത് പോരാട്ടത്തിനിറങ്ങുന്നത്. ആര്യാടൻ മുഹമ്മദിന്റെ ബാപ്പൂട്ടിക്ക് നിലമ്പൂരിലെ ഊടുവഴികളും വികസന പ്രശ്നങ്ങളും കാണാപാഠമാണ്.

നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്ത് രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്‌കാരിക ഭരണരംഗങ്ങളിൽ കഴിവ് തെളിയിച്ചയാളാണ്. പതിനാലാം വയസിൽ നിലമ്പൂർ മാനവേദൻ സ്‌കൂളിൽ സ്‌കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. പിന്നീട് കെഎസ്‌യു താലൂക്ക് സെക്രട്ടറിയായി. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നിങ്ങനെ പടിപടിയായി സ്ഥാനങ്ങൾ ചവിട്ടിക്കയറിയ ഷൗക്കത്ത് നിലമ്പൂർ നഗരസഭ ചെയർമാൻ, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധൻ ദേശീയ കൺവീനർ, സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു.

സിപിഎം സിറ്റിങ് സീറ്റിൽ അട്ടിമറി വിജയം നേടിയാണ് ആര്യാടൻ ഷൗക്കത്ത് 2005ൽ നിലമ്പൂർ പഞ്ചായത്തംഗവും തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുമായത്. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ‘ജ്യോതിർഗമയ’ പദ്ധതിയിലൂടെ എല്ലാവർക്കും നാലാം ക്ലാസ് പ്രാഥമിക വിദ്യാഭ്യാസ യോഗ്യതയുള്ള ഇന്ത്യയിലെ ആദ്യ ഗ്രാമമായി നിലമ്പൂരിനെ മാറ്റിയതോടെയാണ് അദ്ദേഹം ദേശീയതലത്തിൽ അറിയപ്പെട്ടത്. ഇതിന് ദേശീയ സാക്ഷരത മിഷന്റെ ദേശീയ സാക്ഷരതാ പുരസ്‌കാരം ലഭിച്ചു. അഞ്ച് വർഷം നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റും തുടർന്ന് നിലമ്പൂർ നഗരസഭയായി മാറിയപ്പോൾ നഗരസഭയുടെ പ്രഥമ ചെയർമാനുമായിരുന്നു. 10 വർഷംകൊണ്ട് സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ ഒട്ടേറെ പദ്ധതികൾ ഇക്കാലയളവിൽ നടപ്പാക്കി.

ആര്യാടൻ ഷൗക്കത്തിന്റെ മാതൃകാ പദ്ധതികൾ പരിഗണിച്ച് യൂനിസെഫ് നിലമ്പൂരിനെ ബാലസൗഹൃദ നഗരമായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ, സാമൂഹികക്ഷേമ പദ്ധതികൾ പരിഗണിച്ച് യുനെസ്‌കോ നിലമ്പൂരിനു ലേണിങ് സിറ്റി പദവി നൽകി ആദരിച്ചു. സ്ത്രീധനരഹിത ഗ്രാമം, നാൽപത് വയസ് വരെയുള്ള എല്ലാവർക്കും പത്താം ക്ലാസ് യോഗ്യത നേടിക്കൊടുത്ത സമീക്ഷ, ആയിരം വീട്, ആദിവാസി, ദലിത് സമൂഹത്തെ മുൻപന്തിയിലെത്തിച്ച ഒപ്പത്തിനൊപ്പം, വിശപ്പുരഹിത ഗ്രാമം, സ്വയംതൊഴിൽ പരിശീലനത്തിലൂടെ ജീവിതോപാധി നൽകിയ വഴികാട്ടി, സർക്കാർ സ്‌കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലണ്ടിൽ നിന്നും അധ്യാപകരെ എത്തിച്ച സദ്ഗമയ അടക്കം സംസ്ഥാനത്തിന് മാതൃകയായ പദ്ധതികളാണ് നിലമ്പൂരിൽ നടപ്പാക്കിയത്.

ആര്യാടൻ ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് നിലമ്പൂർ താലൂക്കാശുപത്രിയിൽ സൗജന്യ ഡയാലിസിസ് സെന്റർ ആരംഭിച്ചത്. സംസ്ഥാനത്ത് താലൂക്കാശുപത്രിയിലെ ആദ്യത്തെ ഡയാലിസിസ് സെന്ററായിരുന്നു ഇത്. ആരോഗ്യരംഗത്തെ പ്രവർത്തനത്തിന് നിലമ്പൂരിന് സംസ്ഥാന സർക്കാരിന്റെ ആരോഗ്യ കേരള പുരസ്‌കാരവും ഇക്കാലയളവിൽ ലഭിച്ചു.

പാഠം ഒന്ന് ഒരു വിലാപം, ദൈവനാമത്തിൽ, വിലാപങ്ങൾക്കപ്പുറം എന്നീ മൂന്ന് സിനിമകൾക്ക് മികച്ച തിരക്കഥക്കും സിനിമക്കുമുള്ള സംസ്ഥാന, ദേശീയ, രാജ്യാന്തര ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ആശയാദർശങ്ങൾ ഉയർത്തിപ്പിടിച്ച് വർത്തമാനകാലത്ത് ഫാഷിസത്തെ ചെറുക്കുന്ന പ്രമേയവുമായെത്തിയ ‘വർത്തമാനം’ എന്ന സിനിമക്കും കഥയെഴുതി. മാതാവ്: പി.വി മറിയം, ഭാര്യ: മുംതാസ് ബീഗം, മക്കൾ: ഡോ.ഒഷിൻ സാഗ. ഒലിൻ സാഗ, ഒവിൻ സാഗ.

You might also like

89 വർഷത്തെ മധുരപാരമ്പര്യത്തിന് വിരാമം: അസ്റ്റോറിയക്കാരുടെ പ്രിയപ്പെട്ട ‘ലാ ഗുലി’ ബേക്കറി എന്നെന്നേക്കുമായി അടച്ചു

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് തിരിച്ചടി: എച്ച്-1ബി, എൽ-1 വീസ പുതുക്കലുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി യു എസ്

ടിസാക്ക് വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ചാമ്പ്യന്‍സ്

ആൽബർട്ടയിൽ നിര്യാതനായ ജിൻ്റോ ജോസിനായി ഗോഫണ്ട് സമാഹരണം ആരംഭിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയില്‍

Musical Extravaganza at the 2026 Canadian National Exhibition (CNE): 'Bell Soundstage' Concert Lineup Announced

2026 കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) സംഗീത വസന്തം: ‘ബെൽ സൗണ്ട്സ്റ്റേജ്’ ഗാനമേള ലൈനപ്പ് പ്രഖ്യാപിച്ചു

Top Picks for You
Top Picks for You