കുടിയേറ്റത്തിനല്ലാത്ത വീസയുമായി രാജ്യത്ത് കഴിയുന്നവരുടെ വര്‍ക് പെര്‍മിറ്റ് (എന്റോള്‍മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ് – EAD) പുതുക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി യുഎസ്. വിദേശികളുടെ തൊഴിലനുമതി രേഖകളുടെ (ഇഎഡി) കാലാവധി പരിശോധനയില്ലാതെ പുതുക്കുന്ന നിലവിലെ സമ്പ്രദായം ഇതോടെ അവസാനിപ്പിച്ചു. പുതിയ നിബന്ധനകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. അപേക്ഷ നല്‍കിയ ശേഷം 540 ദിവസം വരെ ജോലിയില്‍ തുടരാമായിരുന്ന രീതി ഇനി സാധ്യമല്ല. യുഎസ് പൗരന്മാരുടെ ജോലിസുരക്ഷയെ ബാധിക്കില്ലെന്ന് കണ്ടാല്‍ മാത്രമേ മേലില്‍ ഇഎഡി പുതുക്കിനല്‍കൂ എന്നാണ് പുതിയ നിബന്ധന. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശ തൊഴിലാളികളെ ഇത് ദോഷകരമായി ബാധിക്കും.
2022 മേയിലാണ് ജോ ബൈഡന്‍ സര്‍ക്കാര്‍ 540 ദിവസത്തെ കാലാവധി നീട്ടല്‍ നയം കൊണ്ടുവന്നത്. പെര്‍മിറ്റ് പുതുക്കാതെ ജോലി നഷ്ടപ്പെടുമായിരുന്ന ഒട്ടേറെപ്പേര്‍ക്ക് ഈ നയം സഹായകമായിരുന്നു. വര്‍ക് പെര്‍മിറ്റിനുള്ള 15 ലക്ഷം അപേക്ഷകളില്‍ അന്നു തീര്‍പ്പുണ്ടാക്കാന്‍ ഈ കാലയളവ് നീട്ടിനല്‍കല്‍ സഹായിച്ചിരുന്നു. എന്നാല്‍, ഇത് കമ്പനികളുടെ താല്‍പര്യസംരക്ഷണത്തിനായിരുന്നുവെന്നും യുഎസ് പൗരന്മാരുടെ ജോലിസുരക്ഷ പരിഗണിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കിയത്.







