newsroom@amcainnews.com

കോഴിക്കോട് മെഡിക്കൽ കോളജിൽ യുപിഎസ് പൊട്ടിത്തെറിച്ചു; അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. മെഡിക്കൽ കോളജ് പിഎംഎസ് എസ്‌വൈ ബ്ലോക്ക് കെട്ടിടത്തിലെ അത്യാഹിതവിഭാഗത്തിലെ യുപിഎസ് റൂമിൽ ഇന്നലെ രാത്രി 7.40നാണ് പൊട്ടിത്തെറി ഉണ്ടായത്. തുടർന്നു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുക വ്യാപിച്ചു. ഇതോടെ മെഡിക്കൽ കോളജ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്നു രോഗികളെ പുറത്തേക്കു മാറ്റി. അടിയന്തരമായി ആംബുലൻസുകൾ വിളിച്ചുവരുത്തി നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കു മാറ്റുകയായിരുന്നു. വെള്ളിമാടുകുന്നിൽനിന്നും ബീച്ചിൽനിന്നും 3 യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് പുക നിയന്ത്രണവിധേയമാക്കിയത്.

അത്യാഹിതവിഭാഗത്തിൽ ഉണ്ടായിരുന്നവർ അടക്കം 30 രോഗികളെ നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കും ബാക്കിയുള്ളവരെ മെഡിക്കൽ കോളജിലെ തന്നെ മറ്റു വാർഡുകളിലേക്കും മാറ്റി. അത്യാഹിതവിഭാഗം പൊലീസ് പൂർണമായും അടച്ചു. മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗം ബീച്ച് ആശുപത്രിയിലേക്കു താൽക്കാലികമായി മാറ്റി. പൊട്ടിത്തെറിക്കു മുൻപു രണ്ടു തവണ വൈദ്യുതി നിലച്ചതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. ആശുപത്രിയുടെ മൂന്നാംനില വരെ പുക എത്തിയിരുന്നു. ഈ സമയം വെന്റിലേറ്ററിൽ ഉൾപ്പെടെ ഗുരുതരാവസ്ഥയിൽ 16 രോഗികളും 60 മറ്റു രോഗികളും അത്യാഹിതവിഭാഗത്തിൽ ഉണ്ടായിരുന്നു. അവരെ ഐസിയു സൗകര്യമുള്ള ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മെഡിക്കൽ കോളജ് കെട്ടിടത്തിലെ മറ്റൊരു ഐസിയുവിനോടു ചേർന്ന് വെന്റിലേറ്റർ സൗകര്യമുള്ള 15 കട്ടിലുകൾ ഒരുക്കി അവിടേക്കും രോഗികളെ മാറ്റി. സൂപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളിലും ഒഴിവുള്ള സ്ഥലങ്ങളിലുമെല്ലാം രോഗികളെ കിടത്താൻ സൗകര്യം ഒരുക്കിയിരുന്നു. അടിയന്തര ശസ്ത്രക്രിയകൾക്കു പഴയ ഓപ്പറേഷൻ‌ തിയറ്ററിലും സൗകര്യം ഒരുക്കി.

അത്യാഹിത വിഭാഗത്തിലെ നാലാം നിലയിലെ നാലു രോഗികളെ ആശുപത്രിയിൽനിന്ന് മാറ്റേണ്ടതില്ലെന്ന് അധികൃതർ തീരുമാനിച്ചു. ഇവർ നാലുപേരും വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ്. നാലാം നിലയിൽ പുക എത്തിയിട്ടില്ലാത്തതിനാൽ ഇവരുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഇവർക്കൊപ്പം ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉണ്ടെന്നും അധികൃതർ പറഞ്ഞു.

എം.കെ. രാഘവൻ എംപി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം കൃത്യമായി പറയാൻ സൂപ്രണ്ടിനോ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോ കഴിഞ്ഞിട്ടില്ലെന്ന് എം.കെ.രാഘവൻ പറഞ്ഞു. സംഭവം അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. രാത്രിയില്‍ അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.

You might also like

കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി ന്യൂയോര്‍ക്ക്

CUSMA കരാർ പുതുക്കാൻ താത്പര്യമില്ല: നയം വ്യക്തമാക്കി ട്രംപ്

Soil Excavation and Heavy Downpours: Details of Malappuram's Natural Disasters and Prevention Measures

മണ്ണെടുപ്പും പെരുമഴയും: മലപ്പുറത്തെ പ്രകൃതിദുരന്തങ്ങളുടെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ

പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്‍റസ് യൂണിയൻ

‘ഡെസ്റ്റിനേഷൻ കാനഡ’ തലപ്പത്തേക്ക് ജഗ്മീത് സിങ്? കടുത്ത വിമർശനവുമായി പ്രതിപക്ഷം

ന്യൂയോര്‍ക്കില്‍ ലെജിയോണയേഴ്‌സ് അണുബാധ: മരണം ആറായി, 90 കേസുകള്‍ സ്ഥിരീകരിച്ചു

Top Picks for You
Top Picks for You