കനൗജ്: അവിഹിതബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 30 കാരിയായ ഭാര്യയെ കസേരയിൽ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കനൗജിലെ ജഗത്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. സിക്കന്ദർപൂർ പോലീസ് ഔട്ട്പോസ്റ്റ് പരിധിയിലുള്ള വീട്ടിൽ പോലീസ് എത്തുമ്പോഴേക്കും സോനം എന്ന യുവതിയുടെ ശരീരം പൂർണ്ണമായും വെന്തുരുകിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
11 വർഷം മുമ്പ് സുഖ്ബീർ സിംഗ് (35) എന്നയാളുമായി പ്രണയിച്ചാണ് സോനം വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. എന്നാൽ പിന്നീട് സോനം സ്വന്തം ഗ്രാമത്തിലെ തന്നെ മറ്റൊരാളുമായി അടുപ്പത്തിലാവുകയും, ഭർത്താവിനെ ഉപേക്ഷിച്ച് അയാളോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് സിക്കന്ദർപൂർ പോലീസ് ഔട്ട്പോസ്റ്റിൽ വെച്ച് ഇരുവിഭാഗവും പങ്കെടുത്ത് പഞ്ചായത്ത് ചർച്ച നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിൽ മറ്റ് ബന്ധങ്ങൾ അവസാനിപ്പിച്ച് ഭർത്താവിനൊപ്പം ജീവിക്കാൻ സോനം സമ്മതിച്ചു. എന്നാൽ ആ ദിവസം വൈകുന്നേരം മറ്റേയാൾ വിഷം കഴിച്ചു. തുടർന്ന് പ്രാദേശിക ക്ലിനിക്കിൽ പ്രവേശിപ്പിക്കപ്പെട്ടയാൾ ചികിത്സയ്ക്ക് ശേഷം ജീവൻ തിരിച്ചുകിട്ടി.
പിറ്റേന്ന് സോനവും ഭർത്താവും തമ്മിൽ വീണ്ടും തർക്കമുണ്ടായി. തുടർന്ന് സുഖ്ബീർ ഭാര്യയെ കസേരയിൽ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ബഹളം കേട്ട് അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപ് സുഖ്ബീർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഓടി രക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് പോലീസുകാരെത്തി ഇയാളെ അറസ്റ്റ് ചെയ്തു.







