ആലപ്പുഴ: ക്രിസ്മസ് സീസൺ ലക്ഷ്യമിട്ട് പക്ഷികളെ വളർത്തിയിരുന്ന കർഷകരെ വലിയ പ്രതിസന്ധിയിലാക്കി ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ വടക്ക്, ചെന്നിത്തല പഞ്ചായത്തുകളിലെ ഓരോ ഫാമുകളിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 26,000-ത്തോളം വളർത്തുപക്ഷികളെ ഇന്ന് കൂട്ടത്തോടെ കൊന്നൊടുക്കും.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 11-ാം വാർഡിലുള്ള ഫാമിലെ കാടകളിലും കോഴികളിലും, ചെന്നിത്തല ഒന്നാം വാർഡിലെ ഫാമിലെ താറാവുകളിലും കോഴികളിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ ലാബ് പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി ജില്ലാ കളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.
രോഗവാഹകരായി ദേശാടനപ്പക്ഷികൾ
പക്ഷിപ്പനിക്ക് കാരണമാകുന്ന ടൈപ്പ്-എ ഏവിയൻ ഇൻഫ്ലുവൻസ വൈറസുകൾ കേരളത്തിലേക്ക് എത്തുന്നത് ദേശാടനപ്പക്ഷികളിലൂടെയാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഈ വൈറസുകൾ പരത്തുന്ന അതീവ വ്യാപനശേഷിയുള്ള ‘ഹൈലി പതോജനിക് ഏവിയൻ ഇൻഫ്ലുവൻസ’ (HPAI) ആണ് ഇത്തവണയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ലോകത്തിലെ പ്രധാന പക്ഷിസഞ്ചാര പാതയായ മധ്യേഷ്യൻ ഫ്ലൈവേ (CAF) വഴി 30 രാജ്യങ്ങളിലൂടെ കടന്ന് ദേശാടനപ്പക്ഷികൾ എത്തുന്ന സമയമാണിത്. എല്ലാ വർഷവും ഈ കാലയളവിലാണ് വൈറസ് വ്യാപനം ഉണ്ടാകാറുള്ളത്. ഈ പാതയിലുള്ള മറ്റ് രാജ്യങ്ങളിലും സമാനമായ രോഗബാധ ഉണ്ടാകാറുണ്ട്. ദേശാടനപ്പക്ഷികൾ ഇവിടുത്തെ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ വെള്ളത്തിലൂടെയാണ് നാടൻ പക്ഷികളിലേക്ക് രോഗം പകരുന്നതെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി. രാജീവ് വിശദീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തിൽ ആറ് ദ്രുതകർമ്മ സേനകളാണ് ഇന്നത്തെ പക്ഷികളെ നശിപ്പിക്കൽ (culling) നടപടികൾക്ക് നേതൃത്വം നൽകുന്നത്.
രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, ചെന്നിത്തല എന്നീ പഞ്ചായത്തുകളിലാണ് വളർത്തുപക്ഷികളെ നശിപ്പിക്കേണ്ടി വരികയെന്ന് കളക്ടറുടെ യോഗം വിലയിരുത്തി. പ്രഭവകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി. രാജീവ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
പ്രതിരോധം വെല്ലുവിളി നിറഞ്ഞത്
അതീവ മാരകമായ എച്ച്.പി.എ.ഐ (HPAI) വൈറസുകളെ പൂർണ്ണമായി നിയന്ത്രിക്കുക പ്രായോഗികമായി അസാധ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ പോലും ഇതിന് സാധിച്ചിട്ടില്ല. വളർത്തുപക്ഷികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനും പരിമിതികളുണ്ട്. തീവ്രത കുറഞ്ഞ ‘ലോ പതോജനിക് ഏവിയൻ ഇൻഫ്ലുവൻസ’ (LPAI) എന്ന പക്ഷിപ്പനിക്കെതിരെയുള്ള വാക്സിൻ ഉപയോഗിക്കാൻ മാത്രമാണ് ഇന്ത്യയിൽ നിലവിൽ അനുമതിയുള്ളത്.
വളർത്തുപക്ഷികളിൽ എച്ച്.പി.എ.ഐ ബാധിച്ചാൽ ദിവസങ്ങൾക്കുള്ളിൽ അവ കൂട്ടത്തോടെ ചത്തൊടുങ്ങും. മുട്ടയിടുന്നത് കുറയുക, തീറ്റയെടുക്കാതിരിക്കുക, കടുത്ത ക്ഷീണം, ശ്വാസതടസ്സം, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ എൽ.പി.എ.ഐ ബാധിച്ചാൽ അത്ര ഗുരുതരമായ ലക്ഷണങ്ങൾ പ്രകടമാകാറില്ല; നേരിയ ശ്വാസതടസ്സമോ വിശപ്പില്ലായ്മയോ മുട്ട ഉൽപ്പാദനത്തിലെ കുറവോ മാത്രമായിരിക്കും ഉണ്ടാവുക.
എന്താണ് മധ്യേഷ്യൻ ഫ്ലൈവേ?
ആർട്ടിക് മേഖലയെയും ഇന്ത്യൻ മഹാസമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പക്ഷികളുടെ സഞ്ചാരപാതയാണിത്. റഷ്യ, സൈബീരിയ തുടങ്ങിയ തണുപ്പേറിയ വടക്കൻ പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന പക്ഷികൾ, ദക്ഷിണ-പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കും സഞ്ചരിക്കുന്നത് ഈ പാതയിലൂടെയാണ്. ഈ പാതയുടെ മധ്യഭാഗത്താണ് ഇന്ത്യയുടെ സ്ഥാനം. തണുപ്പ് കാലത്ത് ഇവിടേക്ക് എത്തുന്ന നീർപ്പക്ഷികൾ ഉൾപ്പെടെയുള്ളവ ഇന്ത്യയിലെ തണ്ണീർത്തടങ്ങൾ, കായലുകൾ, നദികൾ, കുട്ടനാട് പോലുള്ള വെള്ളക്കെട്ട് പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് തമ്പടിക്കുന്നത്.
നിരോധനം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങൾ
- നഗരസഭകൾ: ഹരിപ്പാട്, മാവേലിക്കര നഗരസഭകൾ പൂർണ്ണമായും. ആലപ്പുഴ നഗരസഭയിലെ ബീച്ച്, കുതിരപ്പന്തി, മുല്ലാത്തുവളപ്പ്, തിരുവമ്പാടി, പഴവീട്, പള്ളാത്തുരുത്തി, വാടയ്ക്കൽ, ഗുരുമന്ദിരം, ഇരവുകാട്, ഹൗസിങ് കോളനി, കൈതവന, സനാതനപുരം, കളർകോട് എന്നീ വാർഡുകൾ.
- പഞ്ചായത്തുകൾ: അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, പാണ്ടനാട്, എടത്വ, തകഴി, ബുധനൂർ, പത്തിയൂർ, കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, മാവേലിക്കര തെക്കേക്കര, തഴക്കര, ചെറിയനാട്, പുലിയൂർ, ചെറുതന, ആറാട്ടുപുഴ, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ. കൂടാതെ പത്തനംതിട്ട ജില്ലയിലെ നിരണം, കടപ്ര, നെടുമ്പ്രം, പുളിക്കീഴ് എന്നീ പഞ്ചായത്തുകളും.
വിൽപ്പനയ്ക്കും ഗതാഗതത്തിനും വിലക്ക്
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഒരാഴ്ചത്തേക്ക് പക്ഷികളുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയും കടത്തലും ജില്ലാ കളക്ടർ നിരോധിച്ചു. പക്ഷികളെ നശിപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കി പ്രദേശം അണുവിമുക്തമാക്കുന്നത് വരെയാണ് ഈ നിയന്ത്രണം. താറാവ്, കോഴി, കാട, മറ്റ് വളർത്തുപക്ഷികൾ, ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം എന്നിവയുടെ വിപണനത്തിനും നീക്കത്തിനും കർശന വിലക്കുണ്ട്.
കൂടാതെ, രോഗം സ്ഥിരീകരിച്ച കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ പക്ഷികളെ കൊന്നൊടുക്കിയ ശേഷം മൂന്ന് മാസത്തേക്ക് പുതിയ പക്ഷികളെ വളർത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർ, വെറ്ററിനറി ഓഫീസർ, ജില്ലാ പോലീസ് മേധാവി, ആർ.ടി.ഒ, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ എന്നിവർക്ക് കളക്ടർ കർശന നിർദ്ദേശം നൽകി.
‘കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയണം’ ആലപ്പുഴ • ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാൻ ജില്ലാ ഭരണകൂടം അടിയന്തരവും ശക്തവുമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരള പോൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു. പക്ഷിപ്പനി വ്യാപനസാധ്യത കണക്കിലെടുത്തു മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രണ്ടു മാസം മുൻപ് തന്നെ ഫെഡറേഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകിയിരുന്നു.
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ഇറച്ചിക്കോഴി വളർത്തൽ നടത്തുന്ന കർഷകരെയാണ് പക്ഷിപ്പനി വ്യാപനം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിത പ്രദേശങ്ങളിൽ ആവശ്യമായ നിയന്ത്രണ നടപടികൾ കർശനമാക്കുന്നതിനൊപ്പം സമീപ പ്രദേശങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനുള്ള നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തണമെന്നും ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ എം. താജുദ്ദീൻ, എസ്.കെ. നസീർ, രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
മനുഷ്യരിലേക്കു പകരാൻ സാധ്യത കുറവ്, രോഗബാധയുണ്ടായാൽ മാരകം; ജാഗ്രത വേണം
ആലപ്പുഴ • പക്ഷിപ്പനിക്കു കാരണമായ വൈറസ് മനുഷ്യരിലേക്കു പകരാൻ സാധ്യത കുറവാണെങ്കിലും രോഗബാധയുണ്ടായാൽ മാരകമായിരിക്കും എന്നതിനാൽ ജാഗ്രത പാലിക്കണമെന്നു ഡിഎംഒ അറിയിച്ചു.
മനുഷ്യരിൽ ബാധിച്ചാൽ
- ലക്ഷണം: പനി, കടുത്ത ശരീരവേദന, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടൽ.
- രോഗം ഗുരുതരമായാൽ: കഫത്തിൽ രക്തം, ശ്വാസകോശത്തിൽ അണുബാധ.
രോഗം ബാധിച്ചതോ അങ്ങനെ സംശയിക്കുന്നതോ ആയ പക്ഷികളുമായി സമ്പർക്കമുണ്ടായവർക്ക് ഇതിൽ ഏതെങ്കിലും ലക്ഷണം അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യകേന്ദ്രത്തിലോ ആരോഗ്യപ്രവർത്തകരെയോ അറിയിച്ചു വൈദ്യസഹായം തേടണം. ആശുപത്രികളിലെത്തുന്ന രോഗികളും പൊതുജനങ്ങളും മാസ്ക് ഉൾപ്പെടെ സുരക്ഷാ നടപടികൾ സ്വീകരിക്കണം.
പ്രതിരോധം
- രോഗബാധിതമോ രോഗം സംശയിക്കുന്നതോ ആയ ജീവികളുമായി നേരിട്ടു സമ്പർക്കം പാടില്ല. ചത്ത പക്ഷികളെ സ്പർശിക്കരുത്.
- പക്ഷികളുടെ സ്രവങ്ങളോ കാഷ്ഠമോ പതിച്ച പ്രതലങ്ങളിൽ സ്പർശിച്ചാലുടൻ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ നന്നായി കഴുകുക.
- പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മാംസം, മുട്ട എന്നിവയുടെ വിൽപനയും ഉപയോഗവും സംബന്ധിച്ച നിയന്ത്രണങ്ങൾ കർശനമായി പാലിക്കുക.
- നിയന്ത്രണമില്ലാത്ത പ്രദേശങ്ങളിലും മാംസവും മുട്ടയും നന്നായി പാകം ചെയ്തു മാത്രം ഉപയോഗിക്കുക. പാതി വേവിച്ചവ പൂർണമായി ഒഴിവാക്കുക.
- രോഗബാധിത പക്ഷികളുടെ വിസർജ്യങ്ങളും മാലിന്യങ്ങളും ജലാശയങ്ങളിൽ ഇടരുത്. ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശപ്രകാരം സംസ്കരിക്കുക.








