newsroom@amcainnews.com

തീരുവപ്പോര്: ഇന്ത്യ തങ്ങളുടെ ചോളം വാങ്ങുന്നില്ലെന്ന ആരോപണമുയർത്തി യുഎസ് അധികൃതർ; ഇന്ത്യ എന്തിന് യുഎസിൽനിന്നു ചോളം വാങ്ങണം?

ഷ്യൻ എണ്ണയ്ക്കു പുറമേ തീരുവപ്പോരിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ഇപ്പോൾ ചോളത്തെയും ആയുധമാക്കുകയാണ് യുഎസ്. ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നതിനു തൊട്ടുമുൻപാണ് യുഎസ് അധികൃതർ ഇന്ത്യ തങ്ങളുടെ ചോളം വാങ്ങുന്നില്ലെന്ന ആരോപണമുയർത്തിയത്. ഇനിയും തുറന്നുകിട്ടാത്ത ഇന്ത്യൻ കാർഷിക മേഖലയിൽ അമേരിക്കയ്ക്കുള്ള കണ്ണ് വ്യക്തമാണ്. എന്നാൽ, ലോകത്തിൽ ഏറ്റവും കൂടുതൽ ചോളം ഉൽപാദിപ്പിക്കുന്ന 10 രാജ്യങ്ങളിലൊന്നായ ഇന്ത്യ എന്തിന് യുഎസിൽനിന്നു ചോളം വാങ്ങണം?

രണ്ട് കാരണങ്ങളാണു യുഎസിന്റെ പരാതിക്കു പിന്നിലെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഒന്ന്, അവരുടെ ചോളത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ ചൈനയായിരുന്നു. ട്രംപിന്റെ തീരുവ യുദ്ധത്തിനു പിന്നാലെ ചൈന അവരുടെ വിപണി അടച്ചതോടെ ചോളത്തിനു പുതിയ വിപണി കണ്ടെത്താൻ യുഎസ് നിർബന്ധിതരായി. അതാണ്, ഇന്ത്യയ്ക്ക് ആവശ്യമില്ലെങ്കിൽ പോലും ഞങ്ങളുടെ ചോളം വാങ്ങട്ടെയെന്ന യുഎസ് നിലപാടിനു കാരണം. യുഎസിന്റെ ഏറ്റവും വലിയ കാർഷിക കയറ്റുമതി ഉൽപന്നങ്ങളിലൊന്നാണു ചോളം. ലോകത്താകെ ഉൽപാദിപ്പിക്കുന്ന ചോളത്തിന്റെ 30 ശതമാനവും യുഎസിലാണ്.

അതേസമയം, ഇന്ത്യ ഒരു ഘട്ടത്തിൽ ചോളം കയറ്റുമതി ചെയ്യുന്ന രാജ്യമായിരുന്നു. 2022–23ൽ ചോളം കയറ്റുമതിയിൽ നിന്നുള്ള ഇന്ത്യയുടെ വരുമാനം 10,107 ദശലക്ഷം ഡോളറായിരുന്നു. കുറഞ്ഞ അളവിൽ പോലും അമേരിക്കൻ ചോളം വാങ്ങാൻ ഇന്ത്യ തയാറാകുന്നില്ലെന്ന് പരാതി പറയുന്ന യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക് പക്ഷേ, ഇന്ത്യ എന്തിനു ചോളം വാങ്ങണമെന്നു മാത്രം പറയുന്നില്ല. യുഎസിന്റെ ചോളം വാങ്ങിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നായിരുന്നു ലുട്നിക്കിന്റെ വാക്കുകൾ. ‘140 കോടി ജനങ്ങളുണ്ടെന്നാണ് ഇന്ത്യ വീമ്പു പറയുന്നത്. ഈ 140 കോടി ജനങ്ങൾക്ക് ഒരു ബുഷേൽ (35 ലീറ്ററിനു തുല്യമായ അളവ്) ചോളം വീതമെങ്കിലും യുഎസിൽനിന്ന് എന്തുകൊണ്ടു വാങ്ങിക്കൂടാ? അവർ എല്ലാം നമുക്കു വിൽക്കുന്നു. നമ്മുടെ ചോളം പോലും വാങ്ങുന്നില്ല. എല്ലാത്തിനുമേലും അവർ നികുതി ചുമത്തിയിരിക്കുകയാണ്’ എന്നായിരുന്നു ഒരു അഭിമുഖത്തിൽ ലുട്നിക് പറഞ്ഞത്. ‘യുഎസിൽനിന്ന് എണ്ണ വാങ്ങണമെന്ന് സൗദി അറേബ്യയോട് ആവശ്യപ്പെടുന്നതു പോലെ’ എന്നാണ് യുഎസിന്റെ ആവശ്യത്തെക്കുറിച്ച് ഒരു സാമ്പത്തിക ഗവേഷകൻ എക്സ് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയത്.

അതേസമയം, ഇന്ത്യൻ വാഹനമേഖലയെ സംബന്ധിച്ച് ഈയിടെ കൈക്കൊണ്ട ഒരു സുപ്രധാന തീരുമാനവും യുഎസിന്റെ ‘ചോളം വിൽപന’യ്ക്കു പിന്നിലുണ്ടെന്നു വിലയിരുത്തപ്പെടുന്നു. 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (ഇ20 പെട്രോൾ) രാജ്യത്ത് വ്യാപകമാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതോടെ, വൻതോതിൽ എഥനോൾ ഉൽപാദനത്തിനായി ചോളം ഉപയോഗിക്കാനാവും. 40 ലക്ഷം ടൺ വരെ ചോളം കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ത്യ 2024ൽ ചോളം ഇറക്കുമതി ചെയ്യുന്ന രാജ്യമായി മാറിയിരുന്നു. എഥനോൾ ഉൽപാദനത്തിന് ഉപയോഗിക്കുന്നതു കൊണ്ടാണ് ഇന്ത്യയിൽ ചോളത്തിന് ആവശ്യം കൂടിയത്. എഥനോൾ ഉൽപാദിപ്പിക്കാൻ പ്രധാനമായും കരിമ്പാണ് ഉപയോഗിക്കുന്നതെങ്കിലും വരൾച്ച മൂലം കരിമ്പുവിളവെടുപ്പിൽ കുറവുണ്ടായതോടെ എഥനോളിനായി അത് ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. പഞ്ചസാര ഉൽപാദനം ക്രമീകരിക്കാനും വിലക്കയറ്റം തടയാനുമാണ് ഇത്. പകരം ചോളമാണ് ഉപയോഗിക്കാവുന്നത്. ഇതു കൂടി മുന്നിൽ കണ്ടാണ് യുഎസ് ഒരുമുഴം നീട്ടിയെറിയുന്നതെന്നാണു വിലയിരുത്തൽ.

എന്നാൽ, യുഎസിൽ ഉൽപാദിപ്പിക്കുന്ന ചോളം ഇന്ത്യക്ക് അങ്ങനെ വാങ്ങാനും പറ്റില്ല. യുഎസ് ചോളത്തിൽ 92 ശതമാനവും ജനിതകമാറ്റം വരുത്തിയ ജിഎം ചോളമാണ്. ജിഎം ചോളം ഇറക്കുമതിക്ക് അനുമതി നൽകാത്ത രാജ്യമാണ് ഇന്ത്യ. ഭക്ഷ്യശൃംഖലയ്ക്കു തന്നെ ഭീഷണിയാകുമെന്ന നിഗമനത്തിൽ ജിഎം ചോളം രാജ്യത്ത് ഉൽപാദിപ്പിക്കുന്നുമില്ല. നേരത്തേ, എഥനോൾ ഉൽപാദനത്തിനായി ജിഎം ചോളം വളർത്താനുള്ള പദ്ധതി നിതി ആയോഗ് മുന്നോട്ടുവെച്ചപ്പോഴും രാജ്യം നിലപാടു മാറ്റിയിരുന്നില്ല. അതേസമയം, ഇന്ത്യ മ്യാൻമറിൽനിന്നും യുക്രെയ്നിൽനിന്നും ജനിതക മാറ്റം വരുത്താത്ത ചോളം ഇറക്കുമതി ചെയ്യുന്നുമുണ്ട്.

ചൈനയിൽ യുഎസ് ചോളത്തിനുണ്ടായിരുന്ന വൻ വിപണി ഇല്ലാതായതാണ് പുതിയ വിപണികൾ തേടാൻ അവരെ നിർബന്ധിതരാക്കുന്നത്. വരാനിരിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി യുഎസ് കാർഷിക സംഘടനകൾ ട്രംപ് സർക്കാറിനു മേൽ വലിയതോതിൽ സമ്മർദം ചെലുത്തുന്നുണ്ട്. യുഎസും ചൈനയും തീരുവയുടെ പേരിൽ വ്യാപാരയുദ്ധത്തിലാണ്. ഇതോടെ, അമേരിക്കൻ വിളകൾക്ക് ചൈനയിൽ നിന്നുണ്ടായിരുന്ന ഓർഡറുകൾ വൻതോതിൽ കുറഞ്ഞു. 2020–21ൽ യുഎസ് ചോളം കയറ്റുമതിയുടെ 31 ശതമാനവും ചൈനയിലേക്കായിരുന്നു. എന്നാൽ, 2023–24 ആയപ്പോഴേക്കും ഇത് 6 ശതമാനം മാത്രമായി. ചൈനയാകട്ടെ ചോളത്തിന് ബ്രസീലിനെ കൂടുതലായി ആശ്രയിക്കുകയും ചെയ്തു. ചോളം വിൽക്കാനുള്ള വിപണികൾ കുറഞ്ഞുകൊണ്ടിരിക്കെയാണ് ഇന്ത്യയിലേക്ക് ചോളം കയറ്റുമതി ചെയ്യാൻ യുഎസ് സമ്മർദം ചെലുത്തുന്നത്.

You might also like
Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Top Picks for You
Top Picks for You