അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര നീട്ടിവെച്ചു. ആക്സിയം ഫോര്‍ ദൗത്യത്തിലെ നാലംഗ സംഘം ജൂലൈ 14-ന് ശേഷം മാത്രമേ ഭൂമിയിലേക്ക് മടങ്ങൂ എന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അറിയിച്ചു. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് മടങ്ങാനിരുന്ന യാത്രയാണ് അപ്രതീക്ഷിതമായി മാറ്റിവെച്ചത്. മടക്കയാത്രയുടെ പുതിയ തീയതി ഇതുവരെ കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല.
ഇതോടെ, ശുഭാംശുവിനും സംഘത്തിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മൂന്നാഴ്ചയോളം ചെലവഴിക്കാന്‍ സാധിച്ചേക്കും. പതിനാല് ദിവസത്തെ ദൗത്യമായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. നാസ, സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ്, ഐഎസ്ആര്‍ഒ എന്നിവയുടെ സംയുക്ത പദ്ധതിയാണ് ആക്‌സിയം 4 ദൗത്യം.
ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്‌സിയം സ്‌പേസ്. 2022-ലാണ് ആക്‌സിയം സ്‌പേസ് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികളെ ബഹിരാകാശ നിലയത്തിലെത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്‌സിയം സ്‌പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.