ആൽബർട്ടയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് വേർപിരിയൽ പരിഹാരമാകില്ലെന്ന് കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവ്. ആൽബർട്ട വേർപിരിയൽ ഹിതപരിശോധനയ്ക്ക് മൂന്നാഴ്ചയിൽ താഴെ മാത്രം സമയം ശേഷിക്കെ, എഡ്മിന്റനിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യവും സാമ്പത്തിക ഭദ്രതയും നിലനിർത്തേണ്ടത് അനിവാര്യമാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു. രാജ്യം തകർച്ചയിലല്ലെന്നും ഭരണകൂടത്തിൻ്റെ തെറ്റായ നയങ്ങളാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ആൽബർട്ടയിലെ ഊർജ്ജ മേഖലയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഫെഡറൽ സർക്കാർ തയ്യാറാകണമെന്നും രാജ്യത്തിൻ്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആൽബർട്ടയിലെ പ്രാദേശിക വികാരങ്ങളെയും പരാതികളെയും മാനിച്ചുകൊണ്ടുതന്നെ, ഫെഡറൽ സംവിധാനത്തിൻ്റെ പോരായ്മകൾ തിരുത്താൻ കൺസർവേറ്റീവ് പാർട്ടിക്ക് അവസരം നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വിഭജന രാഷ്ട്രീയത്തിന് പകരം ഒരുമിച്ച് നിന്നുകൊണ്ട് രാജ്യത്തെ പുനർനിർമ്മിക്കാനുള്ള അവസരമാണിതെന്ന് പിയേർ പൊളിയേവ് പറഞ്ഞു. ദേശീയ ഐക്യം നിലനിർത്താൻ കൺസർവേറ്റീവ് പാർട്ടിയുടെ എല്ലാ ജനപ്രതിനിധികളും പ്രചാരണ രംഗത്തുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.







