newsroom@amcainnews.com

യുഎസ്‌-ഇറാൻ രണ്ടാംവട്ട ആണവനിർവ്യാപനചർച്ച ഇന്ന്

യുഎസ്‌-ഇറാൻ ആണവനിർവ്യാപനചർച്ചയുടെ രണ്ടാംഘട്ടം ചൊവ്വാഴ്ച സ്വിസ് നഗരമായ ജനീവയിൽ നടക്കും. ചർച്ചയ്ക്കായി ജനീവയിലെത്തിയ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ.) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി. യു.എസുമായി നീതിപൂർവവും സന്തുലിതവുമായ കരാറുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അരാഗ്ചി പറഞ്ഞു. ജനീവയിലെ ഒമാൻ എംബസിയിലാണ് ചർച്ചകൾ നടക്കുന്നത്. അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരാണ് യു.എസ് പക്ഷത്തുനിന്നുള്ള പ്രധാനികൾ. ഈ മാസം ആറിന് ഒമാനിൽ നടന്ന ആദ്യഘട്ട ചർച്ചയിലൂടെ ഇറാന്റെ ആണവപദ്ധതിയോടുള്ള യു.എസ്. നിലപാട് യാഥാർഥ്യത്തിൻ്റെ തൊട്ടടുത്താണെന്ന്‌ ഇറാന്റെ വിദേശകാര്യവക്താവ് ഇസ്മായിൽ ബാഘേയ് പറഞ്ഞു. അതേ സമയം ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും നീതിയുക്തമായ ഒരു കരാറിനായി പുതിയ ആശയങ്ങളുമായാണ് തങ്ങൾ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമേലുള്ള ഉപരോധങ്ങൾ ഇളവുചെയ്യാൻ യു.എസ്. തയ്യാറായാൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആണവക്കരാറിലെത്തിയില്ലെങ്കിൽ ഇറാനു നേരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി യു.എസ്. പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വീണ്ടും ആവർത്തിച്ചു. കഴിഞ്ഞ ജൂണിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങളായ നതാൻസ്, ഫോർഡോ, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ നടത്തിയ ബോംബാക്രമണത്തെക്കുറിച്ചും ട്രംപ് പരാമർശിച്ചു. കരാറിന് തയ്യാറായില്ലെങ്കിൽ സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനിൽ സൈനികനടപടിക്ക് യു.എസ്. സൈന്യം സജ്ജമാവുകയാണെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ടുചെയ്തിരുന്നു. ഇറാൻ തീരത്ത് മൂന്നാഴ്ചയോളമായി നങ്കൂരമിട്ടിരിക്കുന്ന എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കുപുറമേ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡിനെയും പശ്ചിമേഷ്യയിൽ വിന്യസിക്കാൻ യു.എസ്. നിർദേശം നൽകി. ഇതിനിടെ യു.എസ്. സമ്മർദതന്ത്രം പയറ്റുന്ന സാഹചര്യത്തിൽ ഇറാൻ റെവലൂഷണറി ഗാർഡ് കോർ തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ സൈനികാഭ്യാസം തുടങ്ങി. ഇറാൻ ഉടൻ ആണവായുധം സ്വായത്തമാക്കുന്ന റിപ്പോർട്ടിനെത്തുടർന്ന് 2025 ജൂണിൽ ഇസ്രയേൽ ഇറാനെ ആക്രമിച്ചിരുന്നു. അന്ന് ഇറാന്റെ മൂന്ന് തന്ത്രപ്രധാന ആണവകേന്ദ്രങ്ങളിൽ യു.എസ്. ബങ്കർ ബസ്റ്റർ ബോംബുകളിട്ടു. 60 ശതമാനം പരിശുദ്ധിയിൽ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് ഐ.എ.ഇ.എ. യുടെ കണക്ക്. ആണവായുധമുണ്ടാക്കാൻ 90 ശതമാനം പരിശുദ്ധിയിൽ യുറേനിയം സമ്പുഷ്ടീകരിക്കണം.ചർച്ചകൾ ഒരു വശത്ത് നടക്കുമ്പോൾ തന്നെ ഗൾഫ് മേഖലയിൽ സൈനിക നീക്കങ്ങളും ശക്തമായി. യു.എസ്‌ രണ്ടാമതൊരു വിമാനവാഹിനി കപ്പൽ കൂടി അയച്ചപ്പോൾ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നാവികാഭ്യാസ പ്രകടനവും ആരംഭിച്ചു.

You might also like

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: സ്കൂൾ തുറക്കില്ല, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കും; ഡേവിഡ് എബി

ആൽബർട്ട വിഘടനവാദം: അഭിപ്രായ വോട്ടെടുപ്പിൽ ഒപ്പിടില്ലെന്ന് ഡാനിയേൽ സ്മിത്ത്

ബ്രിട്ടീഷ് കൊളംബിയ സ്‌കൂളില്‍ വെടിവെപ്പ്; 10 മരണം, അക്രമി കൊല്ലപ്പെട്ടതായി പോലീസ്

അഭയാർത്ഥി ആരോഗ്യ പദ്ധതി കാനഡയ്ക്ക് ബാധ്യതയാകുന്നു; ചെലവ് 100 കോടി ഡോളറിലേക്ക്, കർശന നിയന്ത്രണത്തിനൊരുങ്ങി കാനേഡിയൻ സർക്കാർ

എപ്‌സ്റ്റീൻ കേസ്: എഐ നൽകുന്നത് വെറും ‘ഊഹങ്ങൾ’; പുറത്തുവരുന്നത് വ്യാജചിത്രങ്ങളെന്ന് മുന്നറിയിപ്പ്, തെറ്റായ വിവരങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശം

ലഭ്യത കൂടി, വാടക കുറഞ്ഞു; കാനഡയിൽ വാടക നിരക്കുകളിൽ വൻ ഇടിവ്; ടൊറന്റോയിലും വാൻകൂവറിലും ആശ്വാസം

Top Picks for You
Top Picks for You