ഒന്റാരിയോ: കാനഡയിലെ സാംസ്കാരിക സംഘടനയായ സമന്വയ ഒരുക്കുന്ന ‘സമന്വയം-2025’ ഒക്ടോബർ 18ന് മൈക്കിൽ പവർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (105 Eringate Dr. Etobicoke, ON M9C 3Z7) നടക്കും. മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഒരു ലിറ്ററേച്ചർ ഫെസ്റ്റ് കൂടി സംഘടിപ്പിക്കുന്നു. Battle of the Books എന്ന പുസ്തകപ്പയറ്റ് കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമാകും. രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെയാണ് സാഹിത്യ സദസ്സ് നടക്കുക. പ്രശസ്ത എഴുത്തുകാരായ സാറാ ജോസഫ്, ആർ.രാജശ്രീ, എസ്. ഹരീഷ് എന്നിവർ പരിപാടിയിൽ ഓൺലൈനായി പങ്കെടുക്കും.
ഉച്ചക്ക് ശേഷം കലാവിരുന്നുകളുമായി സമന്വയം 2025 അരങ്ങേറും. ‘കേരളീയകലകളെയും സംസ്കാരത്തെയും ചേർത്തുപിടിക്കുക, ഒപ്പം മറ്റ് നാടുകളുടെ സംസ്കാരങ്ങളെ ആദരപൂർവ്വം തിരിച്ചറിയുക’ ഇതാണ് സമന്വയത്തിന്റെ സന്ദേശം. അടൂർ, അരവിന്ദൻ, ജോൺ എബ്രഹാം, കടമ്മനിട്ട തുടങ്ങിയവർ ചേർന്ന് രൂപംനൽകിയ കലാരൂപമായ ചൊൽക്കാഴ്ച, നാടൻപാട്ടിൽ തുടങ്ങി പുത്തൻപാട്ടുകളിലൂടെ പ്രേക്ഷകരെ ഉത്സവലഹരിയിലെത്തിക്കുന്ന മ്യൂസികൽ കൺസേർട്ട്, പരമ്പരാഗതവും നവീനവുമായ നൃത്തരൂപങ്ങൾ എന്നിവ അരങ്ങേറും.







