വാഹനപ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റെനോ ഡസ്ടറിന്റെ പുതിയ ഹൈബ്രിഡ് പതിപ്പ് അടുത്ത മാസം ഇന്ത്യൻ വിപണിയിലെത്തുകയാണ്. ആകർഷകമായ വിലയിൽ വാഹനം ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 1.0 ലീറ്റർ, 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനുകൾക്ക് പുറമെ പുതിയ ഡിസൈനിലും സവിശേഷതകളിലുമാണ് പുതിയ ഡസ്ടർ എത്തുന്നത്.
ഈ പുതിയ ഹൈബ്രിഡ് പതിപ്പിൽ 1.8 ലീറ്റർ പെട്രോൾ എൻജിനോടൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി വാഹനത്തിന് ആകെ 160 എച്ച്പി കരുട്ടും 172 എൻഎം ടോർക്കും ലഭിക്കുന്നു. കൂടാതെ 1.4 kWh ശേഷിയുള്ള ബാറ്ററി പാക്കും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. വാഹനത്തിന് ലിറ്ററിന് ഏകദേശം 22 കിലോമീറ്റർ മുതൽ 26 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റ് ഹൈബ്രിഡ് കാറുകളിൽ നിന്ന് വ്യത്യസ്തമായി, റെനോയുടെ ഇ-ടെക് (E-Tech) സിസ്റ്റമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പെട്രോൾ എൻജിനെയും ഇലക്ട്രിക് മോട്ടോറിനെയും ഒരു പ്രത്യേക ഓട്ടോമാറ്റിക് ഗിയർബോക്സ് സംവിധാനത്തിലൂടെയാണ് ഈ സാങ്കേതികവിദ്യ നിയന്ത്രിക്കുന്നത്. ഇത് വാഹനത്തിന്റെ പ്രകടനക്ഷമതയും ഇന്ധനക്ഷമതയും ഒരുപോലെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഫിക്സഡ് ഗീയർ റേഷ്യോകൾ ഉപയോഗിക്കുന്നതിനാൽ സാധാരണ ഓട്ടോമാറ്റിക് കാറുകളിലേതുപോലെ എൻജിൻ ആർപിഎമ്മിന്റെ ഉയർച്ച താഴ്ചകൾ അറിയാനാവും. ഇലക്ട്രിക്, ഒഎൻജിൻ ഡ്രൈവുകൾക്കിടയിൽ മാറമ്പോഴും ഗീയർ ഷിഫ്റ്റുകൾ തിരിച്ചറിയാനാവും. ടൊയോട്ടയുടെ 0.60kWh ബാറ്ററിയെ അപേക്ഷിച്ച് ഉയർന്ന ശേഷിയുള്ളതാണ് റെനോയുടെ 1.4kWh ബാറ്ററി.
നഗരയാത്രകളിലെ 80ശതമാനവും ഇലക്ട്രിക് മോഡിൽ പൂർത്തിയാക്കാൻ ഡസ്റ്റർ ഹൈബ്രിഡിന് സാധിക്കുമെന്നാണ് റെനോയുടെ അവകാശവാദം. കുറഞ്ഞ വേഗതയിലുള്ള ഇവി ഡ്രൈവിംഗ്, ബ്രേക്ക് ചെയ്യുമ്പോൾ പാഴാവുന്ന ഊർജ്ജം തിരിച്ചുപിടിക്കുന്ന റീജനറേറ്റീവ് ബ്രേക്കിംഗ്, ആവശ്യമില്ലാത്ത സമയങ്ങളിൽ പെട്രോൾ എൻജിൻ സ്വയം ഓഫാകുന്ന സാങ്കേതികവിദ്യ എന്നിവ ഡസ്റ്റർ ഹൈബ്രിഡിന്റെ ഇന്ധനക്ഷമത കൂട്ടുന്നു. ഗതാഗതക്കുരുക്ക്, വാഹനം ഓടിക്കുന്ന വേഗതയും ശൈലിയും, കാലാവസ്ഥ എന്നിവയെയെല്ലാം ആശ്രയിച്ചു മാത്രമേ യഥാർത്ഥ ഇന്ധനക്ഷമത എത്ര ലഭിക്കും എന്ന് ഉറപ്പിക്കാനാവൂ.
പുതിയ ഡസ്റ്ററിൽ ഡീസൽ എൻജിൻ ഓപ്ഷൻ ലഭ്യമല്ല. ഈ കുറവ് നികത്താനാണ് സ്ട്രോങ് ഹൈബ്രിഡ് പതിപ്പിന്റെ വരവ്. മിഡ് സൈസ് എസ് യുവി വിഭാഗത്തിൽ മാരുതി സുസുക്കി ഗ്രാന്റ് വിറ്റാര, വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ എന്നിവയുടെ സ്ട്രോങ് ഹൈബ്രിഡ് മോഡലുകളോടായിരിക്കും പുതിയ റെനോ ഡസ്റ്റർ ഹൈബ്രിഡും പ്രധാനമായും മത്സരിക്കുക.







