മോസ്‌കോ: രണ്ടു വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറാണെന്ന നിർണ്ണായക സൂചന നൽകി പ്രസിഡന്റ് വ്ലാദിമിർ പുടിൻ. മോസ്‌കോയിൽ നടന്ന വിക്ടറി ഡേ പരേഡിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ്, നയതന്ത്രപരമായ പരിഹാരത്തിനുള്ള തന്റെ താൽപ്പര്യം അദ്ദേഹം വ്യക്തമാക്കിയത്.
സെലൻസ്‌കിയുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാർ
ശാശ്വതമായ സമാധാനത്തിനുള്ള കൃത്യമായ ധാരണയിലെത്തുകയാണെങ്കിൽ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ താൻ തയ്യാറാണെന്ന് പുടിൻ പ്രഖ്യാപിച്ചു. ഇത് യുദ്ധമുഖത്തെ വലിയൊരു മഞ്ഞുരുകലായിട്ടാണ് ആഗോളതലത്തിൽ വിലയിരുത്തപ്പെടുന്നത്.
മധ്യസ്ഥനായി ഗെഹാര്‍ഡ് ഷൂഡ്രർ
സമാധാന ചർച്ചകളിൽ ആര് മധ്യസ്ഥത വഹിക്കണമെന്ന ചോദ്യത്തിന്, മുൻ ജർമ്മൻ ചാൻസലർ ഗെഹാർഡ് ഷൂഡ്രറുടെ പേരാണ് പുടിൻ നിർദ്ദേശിച്ചത്. യുക്രൈനും റഷ്യയും തമ്മിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുടിന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ ഇടപെടൽ യുദ്ധത്തിന്റെ അന്ത്യത്തിന് നാന്ദികുറിക്കുമെന്ന് സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
സമാധാന സന്നദ്ധത പ്രകടിപ്പിക്കുമ്പോഴും പാശ്ചാത്യ രാജ്യങ്ങളെ രൂക്ഷമായി വിമർശിക്കാൻ വ്ലാദിമിർ പുടിൻ മറന്നില്ല. റഷ്യ ഉടൻ തകരുമെന്ന് പ്രതീക്ഷിച്ച രാജ്യങ്ങളുടെ കണക്കുകൂട്ടലുകൾ അസ്ഥാനത്തായെന്ന് അദ്ദേഹം പരിഹസിച്ചു. യുക്രൈന് സൈനിക പിന്തുണ നൽകുന്ന രാജ്യങ്ങൾ സ്വയം കുഴിച്ച കുഴിയിൽ വീണിരിക്കുകയാണെന്നും, ആ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ അവർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുദ്ധമുഖത്ത് റഷ്യ പരാജയപ്പെടുമെന്ന പാശ്ചാത്യ ലോകത്തിന്റെ പ്രതീക്ഷകൾ വെറുതെയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം ഇപ്പോഴും ഗൗരവകരമായി തുടരുന്നുണ്ടെങ്കിലും, നയതന്ത്ര വഴിയിലൂടെയുള്ള സമാധാന ശ്രമങ്ങൾക്കാണ് ഇനി മുൻഗണന നൽകുന്നതെന്ന് പുടിൻ ആവർത്തിച്ചു.






