മദ്യം നിർമ്മാണ രംഗത്ത് തനത് ഉല്‍പ്പന്നങ്ങൾ ഉറപ്പാക്കാൻ പുതിയ നീക്കവുമായി ആൽബർട്ട സർക്കാർ രംഗത്ത്. ആൽബർട്ടയിൽ മാത്രം നിർമ്മിക്കുന്ന വിസ്കികളെ തിരിച്ചറിയുന്നതിനായി ‘ആൽബർട്ട വിസ്കി’ ലോഗോ പുറത്തിറക്കി. പ്രീമിയർ ഡാനിയേൽ സ്മിത്തും സർവീസ് ആൽബർട്ട ആൻഡ് റെഡ് ടേപ്പ് റിഡക്ഷൻ മന്ത്രി ഡെയ്ൽ നാലിനും സംയുക്തമായി ലോഗോ പ്രകാശനം ചെയ്തു. മേയ് മാസം മുതൽ പ്രാബല്യത്തിൽ വന്ന ‘ആൽബർട്ട വിസ്കി ആക്റ്റ്’ അനുസരിച്ചാണ് പുതിയ ലോഗോ പുറത്തിറക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം ‘ആൽബർട്ട വിസ്കി’ എന്ന പേര് ഉപയോഗിക്കുന്നതിനും ലോഗോ പതിപ്പിക്കുന്നതിനും കർശന വ്യവസ്ഥകളുണ്ട്. നൂറ് ശതമാനവും ആൽബർട്ടയിൽ നിന്നുള്ള വെള്ളവും പ്രാദേശികമായി ഉത്പാദിപ്പിച്ച ധാന്യങ്ങളും മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മാത്രമേ ഈ ലോഗോ ഉപയോഗിക്കാൻ അനുമതിയുള്ളൂ.
ആൽബർട്ടയുടെ പ്രകൃതിഭംഗി, ധാന്യങ്ങൾ, ജലാശയങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മദ്യനിർമ്മാണ മേഖലയിലെ പ്രമുഖരുമായി സഹകരിച്ചാണ് ലോഗോ തിരഞ്ഞെടുത്തതെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു. ലോകോത്തര ഗുണനിലവാരവും കരവിരുതും വിസ്കി പ്രേമികൾക്ക് വിശ്വസ്തതയോടെ തിരിച്ചറിയാൻ ലോഗോ സഹായിക്കുമെന്ന് മന്ത്രി ഡെയ്ൽ നാലി പറഞ്ഞു. നിലവിൽ 45 ഡിസ്റ്റിലറികളുള്ള ആൽബർട്ടയിലെ വിസ്കികൾക്ക് നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.







