ബ്രിട്ടീഷ് കൊളംബിയയിലെ മേപ്പിൾ റിഡ്ജ് നഗരത്തിൽ അക്രമകാരിയായ കരടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. നഗരത്തിൽ ഒരു കൊച്ചു പെൺകുട്ടി കരടിയുടെ ആക്രമണത്തിന് ഇരയായതോടെയാണ് മേപ്പിൾ റിഡ്ജ് പോലീസും , ബി.സി. കൺസർവേഷൻ ഓഫീസർ സർവീസും മുന്നറിയിപ്പ് നൽകിയത്. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികളോട് സ്വന്തം വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ പോലീസ് കർശന നിർദ്ദേശം നൽകി.
പെൺകുട്ടിക്കു നേരെയുണ്ടായ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, കരടിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ആക്രമകാരിയായ കരടിയെ കണ്ടെത്താൻ നഗരത്തിലെ 123-ാം അവന്യൂ, 240-ാം സ്ട്രീറ്റ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തുന്നത്. സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ യാതൊരു കാരണവശാലും കരടിയുടെ അടുത്തേക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കരടിയെ കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ ആർ.സി.എം.പിയെയോ കൺസർവേഷൻ ഓഫീസർ സർവീസിനെയോ വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കുന്നത് വരെ എല്ലാവരും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.







