newsroom@amcainnews.com

സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താനി താലിബാന്റെ ആക്രമണം; പാക് ആർമി ക്യാപ്റ്റനടക്കം ഏഴു സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ തെഹ്‌രീകെ താലിബാന്റെ (ടിടിപി- പാകിസ്താനി താലിബാൻ) ആക്രമണത്തിൽ ആർമി ക്യാപ്റ്റനടക്കം ഏഴു സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൻഖ്‌വയിലാണ് ടിടിപി പാകിസ്താൻ സൈന്യത്തിന് നേരേ രൂക്ഷമായ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പാക് സൈന്യത്തിൽ ക്യാപ്റ്റനായ നുമാൻ അടക്കം ഏഴുസൈനികർ കൊല്ലപ്പെട്ടതായും 17 സൈനികർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. കഴിഞ്ഞയാഴ്ച ഖൈബർ പഖ്തൂൻഖ്‌വയിൽ പാക് സൈന്യം നടത്തിയ ഓപ്പറേഷനിൽ എട്ട് ടിടിപി അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് ടിടിപി സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളിലുണ്ട്.

പാകിസ്താനി താലിബാൻ എന്നറിയപ്പെടുന്ന ടിടിപിയുടെ ഫീൽഡ് മാർഷലായ അഹമ്മദ് കാസിമിന്റെ നേതൃത്വത്തിലാണ് പാക് സൈന്യത്തിന് നേരേ ആക്രമണം നടത്തിയതെന്നാണ് വിവരം. മേഖലയിൽ പാക് സൈന്യത്തെ ലക്ഷ്യമിട്ടുള്ള മിക്ക ആക്രമണങ്ങളുടെയും സൂത്രധാരനും അഹമ്മദ് കാസിമാണ്. ഇതുവരെ പാകിസ്താന്റെ നൂറിലേറെ സൈനികരെയാണ് അഹമ്മദ് കാസിമിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയിട്ടുള്ളത്. ഇയാളുടെ തലയ്ക്ക് പാക് സേന 10 കോടി പാകിസ്താനി രൂപ വിലയിടുകയുംചെയ്തിരുന്നു.

അതിനിടെ കഴിഞ്ഞദിവസം ഇസ്താംബൂളിൽ നടന്ന പാക്-അഫ്ഗാൻ സമാധാനചർച്ച പരാജയപ്പെട്ടിരുന്നു. തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന രണ്ടാംഘട്ട ചർച്ചയാണ് തീരുമാനമാകാതെ അവസാനിച്ചത്. ചർച്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളുടെയും വക്താക്കൾ പരസ്പരം പഴിചാരി രംഗത്തെത്തുകയുംചെയ്തു.

പാകിസ്താൻ-അഫ്ഗാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഖത്തറും തുർക്കിയും ഇടപെട്ട് നേരത്തേ മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഒക്ടോബർ 19-ന് ദോഹയിൽ നടന്ന മധ്യസ്ഥചർച്ചയിൽ ഇരുരാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചിരുന്നു. തുടർന്ന് സമാധാനശ്രമങ്ങളുടെ ഭാഗമായുള്ള രണ്ടാംഘട്ട ചർച്ചയാണ് ഇസ്താംബൂളിൽ നടന്നത്. എന്നാൽ, ഈ ചർച്ചയിൽ തീരുമാനമൊന്നും ഉരുത്തിരിഞ്ഞില്ല. പിന്നാലെ, പാകിസ്താനും അഫ്ഗാനിസ്താനിലെ താലിബാൻ വക്താക്കളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തുകയുംചെയ്തു.

‘പാകിസ്താനി താലിബാൻ’ എന്നറിയപ്പെടുന്ന ഭീകരസംഘടനയായ തെഹ്രീകെ താലിബാൻ പാകിസ്താനെ(ടിടിപി) നിയന്ത്രിക്കാൻ അഫ്ഗാനിലെ താലിബാൻ ഭരണകൂടം തയ്യാറല്ലെന്നായിരുന്നു പാകിസ്താൻ സുരക്ഷാവക്താവിന്റെ പ്രതികരണം. പാകിസ്താനി താലിബാനെച്ചൊല്ലിയാണ് ചർച്ചകൾ വഴിമുട്ടിയതെന്ന് അഫ്ഗാനിലെ താലിബാൻ വക്താക്കളും വ്യക്തമാക്കി. അതേസമയം, പാകിസ്താനി താലിബാന് മേൽ തങ്ങൾക്ക് നിയന്ത്രണമില്ലെന്ന് ചർച്ചയിൽ പറഞ്ഞതായും താലിബാൻ അറിയിച്ചു.

ഇസ്താംബൂളിൽ നടന്ന ചർച്ചയിൽ താലിബാൻ സഹകരണം വാഗ്ദാനംചെയ്തെങ്കിലും രേഖാമൂലമുള്ള ഉറപ്പ് വേണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യമെന്ന് ന്യൂസ് 18 റിപ്പോർട്ട്ചെയ്തു. പാകിസ്താനി താലിബാൻ പാകിസ്താന്റെ ആഭ്യന്തരസുരക്ഷാ വിഷയമാണെന്നായിരുന്നു താലിബാന്റെ നിലപാട്. അഫ്ഗാന്റെ മണ്ണ് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നില്ലെന്നും താലിബാൻ ചർച്ചയിൽ വ്യക്തമാക്കി. പാകിസ്താന്റെ യുക്തിരഹിതമായ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും താലിബാൻ തുറന്നുപറഞ്ഞു. യുഎസ് ഡ്രോണുകൾ പാകിസ്താനിൽനിന്ന് തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് കടക്കരുതെന്ന ആവശ്യവും താലിബാൻ മുന്നോട്ടുവെച്ചു. എന്നാൽ, പാകിസ്താൻ ഇതും അംഗീകരിച്ചില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം, സുരക്ഷാപ്രശ്നങ്ങളിൽ കരാറില്ലെങ്കിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരർക്ക് നേരേ ആക്രമണം തുടരുമെന്നായിരുന്നു പാകിസ്താൻ പ്രതിനിധിസംഘം ചർച്ചയിൽ പറഞ്ഞത്. ഇതോടെയാണ് ചർച്ച തീരുമാനമാകാതെ അവസാനിച്ചതെന്നും അതേസമയം, മധ്യസ്ഥത വഹിക്കുന്ന തുർക്കിയും ഖത്തറും പ്രശ്നം പരിഹരിക്കാനുള്ള വഴികൾ തേടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്താംബൂളിലെ ചർച്ച പരാജയപ്പെട്ടത് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ ധാരണയെയും ബാധിച്ചേക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.

You might also like

ആഭ്യന്തര കലാപത്തെത്തുടർന്ന് സുഡാനിൽ കൂട്ടക്കൊല; സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേർ കൊലചെയ്യപ്പെട്ടു

അഫ്ഗാന്‍-പാക് സമാധാന ചര്‍ച്ച പരാജയം; മേഖല വീണ്ടും അശാന്തിയിലേക്ക്

സൗദിയിലെ ജിദ്ദയിൽ പൊലീസും കവർച്ചാസംഘവും തമ്മിലുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

പട്ടിണിയും ദാരിദ്ര്യവും സാധാരണ സംഭവമായി മാറിയിരിക്കുന്നു! കാനഡയിൽ ഫുഡ് ബാങ്ക് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

മെലിസ ചുഴലിക്കാറ്റ്: ജമൈക്കയില്‍ കനത്ത നാശനഷ്ടം

വരുമാനത്തിന്റെ 48% ഗ്രോസറിക്കും 30% വാടകയ്ക്കും ചെലവാക്കേണ്ടി വരുന്നു… ടൊറൻ്റോയിൽ ജീവിതച്ചെലവേറിയതായി പുതിയ സർവേ ഫലം

Top Picks for You
Top Picks for You