ഓട്ടവ : ശരീരഭാരം കുറയ്ക്കുന്നതിനായി, ആഴ്ചതോറും കുത്തിവയ്പ്പുകൾ എടുക്കുന്നതിന് പകരം ദിവസവും കഴിക്കാവുന്ന പുതിയ GLP-1 മരുന്നിന് ‘ഹെൽത്ത് കാനഡ’ അനുമതി നൽകി. അമിതവണ്ണമുള്ളവർക്കും, അമിതഭാരത്തോടൊപ്പം ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ സ്ലീപ് അപ്നിയ (ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുന്ന അവസ്ഥ) പോലുള്ള അനുബന്ധ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ‘എലി ലില്ലി’ (Eli Lilly) കമ്പനിയുടെ ‘ഫൗണ്ടായോ’ (Foundayo) എന്ന ഈ മരുന്ന് ഉപയോഗിക്കാമെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. ജനുവരിയോടെ ഈ ഗുളികകൾ ഫാർമസികളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ‘എലി ലില്ലി’ വക്താവ് ഈത്തൻ പിഗോട്ട് അറിയിച്ചു.
ശരീരഭാരം കുറയ്ക്കാനും അത് നിലനിർത്താനും സഹായിക്കുന്നതിന് പുറമെ, ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്കും ഈ ഗുളിക സഹായിക്കും. അതേസമയം GLP-1 മരുന്നുകൾ (കുത്തിവയ്പ്പുകളായാലും ഗുളികകളായാലും) മൂലം ഓക്കാനം, ഛർദ്ദി തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.








