സ്വകാര്യ കരിയർ കോളേജുകളിലെ വിദ്യാർത്ഥി ധനസഹായ വിതരണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പൊലീസിന് കൈമാറി ഒൻ്റാരിയോ സർക്കാർ. പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളെ തുടർന്നാണ് അന്വേഷണം നടത്താൻ ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസിനെ (OPP) നിയോഗിക്കുന്നതെന്ന് മന്ത്രി നോളൻ ക്വിൻ അറിയിച്ചു. കൂടാതെ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഓൺലൈൻ കോഴ്സുകൾക്കുള്ള OSAP സഹായം അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള പുതിയ നിയമങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം നടപടിക്രമങ്ങളിലെ അനിശ്ചിതത്വം യഥാർത്ഥ വിദ്യാർത്ഥികളെയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു.
പ്രാരംഭ ഘട്ട അന്വേഷണത്തിൽ കോഴ്സ് കാലാവധി പൂർത്തിയാക്കാതെയും വിദ്യാർത്ഥികളുടെ യോഗ്യത പരിശോധിക്കാതെയും വൻതോതിൽ അപേക്ഷകൾ സമർപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് കാനഡയിലെ ഓഡിറ്റർ ജനറലിനെ വിവരം അറിയിക്കുകയും കഴിഞ്ഞ വെള്ളിയാഴ്ച കേസ് ഒ.പി.പി അന്വേഷണത്തിന് വിടുകയും ചെയ്തു. പരിശോധന പൂർത്തിയാകുന്നതുവരെ കരിയർ കോളേജുകൾക്കുള്ള OSAP പേയ്മെൻ്റുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ഒൻ്റാരിയോ സ്റ്റുഡൻ്റ് അസിസ്റ്റൻസ് പ്രോഗ്രാം (OSAP) ഫണ്ടുകളുടെ വിനിയോഗത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം തന്നെ കോളേജുകളിൽ പരിശോധന ആരംഭിച്ചിരുന്നു. ഒൻ്റാരിയോ സ്റ്റുഡൻ്റ് അസിസ്റ്റൻസ് പ്രോഗ്രാം (OSAP) ഒൻ്റാരിയോ പ്രവിശ്യയിലുള്ള വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള ചിലവുകൾക്കായി (Post-secondary education) സർക്കാർ നൽകുന്ന സാമ്പത്തിക സഹായ പദ്ധതിയാണ്. ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ ട്യൂഷൻ ഫീസ്, പുസ്തകങ്ങൾ, താമസച്ചിലവ് എന്നിവ കണ്ടെത്താൻ ഈ പ്രോഗ്രാം വിദ്യാർത്ഥികളെ സഹായിക്കുന്നു.







