പുതിയ പേരും യൂണിഫോമുമായി നിരത്തിലിറങ്ങാൻ ടിടിസി ഫെയർ ഇൻസ്പെക്ടർമാർ സജ്ജമാകുമ്പോൾ ഓൺലൈനിൽ പരിഹാസപ്പെരുമഴ. ജൂലൈ 20 മുതൽ ‘പ്രൊവിൻഷ്യൽ ഒഫൻസസ് ഓഫീസർമാർ’ എന്ന് ഫെയർ ഇൻസ്പെക്ടർമാർ പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ചുരുക്കപ്പേര് ‘POO’ (പിഒഒ) എന്നായതാണ് പരിഹാസത്തിന് കാരണം. സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകളാണ് പ്രചരിക്കുന്നത്.
പരിഹാസം തിരിച്ചറിഞ്ഞ TTC മീഡിയ റിലേഷൻസ്, ഈ ചുരുക്കപ്പേര് വളരെ മുൻപ് തന്നെ നിയമനിർമ്മാണത്തിൽ നിലവിലുണ്ടെന്നും, ടിക്കറ്റ് വെട്ടിപ്പ് നടത്തുന്നവർക്ക് നൂറുകണക്കിന് ഡോളർ പിഴ ചുമത്തുന്നത് ചിരിക്കേണ്ട കാര്യമല്ലെന്നും പ്രതികരിച്ചു.
തങ്ങളുടെ അധികാരം വർധിപ്പിക്കാനും ടൊറന്റോയിലെ ടിക്കറ്റ് വെട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റമെന്ന് TTC പറയുന്നു. ടിക്കറ്റ് വെട്ടിപ്പിലൂടെ TTC-ക്ക് പ്രതിവർഷം 14 കോടി ഡോളർ വരെ നഷ്ടപ്പെടുന്നതായി 2023-ലെ ഓഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സേവനം, സുരക്ഷ, ശുചിത്വം എന്നിവ മെച്ചപ്പെടുത്താൻ ഈ പണം ഉപയോഗിക്കാമെന്നും TTC പറയുന്നു. മഞ്ഞ യൂണിഫോമിന് പകരം ചാരനിറത്തിലുള്ള ഷർട്ടുകളാണ് പ്രൊവിൻഷ്യൽ ഒഫൻസസ് ഓഫീസർമാർ ഇനി ധരിക്കുക.