newsroom@amcainnews.com

ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1ന് സമീപം വൻ സ്ഫോടനം; കാറുകൾ പൊട്ടിത്തെറിച്ചു, 9 മരണം

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്കു തൊട്ടുമുന്നിലുണ്ടായ ഉഗ്ര കാർ സ്ഫോടനത്തിൽ 9 മരണം. രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. ഐ20 കാറാണ് ആദ്യം പൊട്ടിത്തെറിച്ചതും വാഹനത്തിനകത്ത് ഒന്നിലധികം യാത്രക്കാരുണ്ടായിരുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. വേഗം കുറച്ചെത്തിയ കാർ ട്രാഫിക് സിഗ്നലിനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപമുണ്ടായിരുന്ന എട്ടു കാറുകളും ഇലക്ട്രിക് റിക്ഷകളും പൊട്ടിത്തെറിച്ചു. മരിച്ചവരിൽ കാൽനടയാത്രക്കാരും ഉൾപ്പെടുന്നതായി അമിത് ഷാ അറിയിച്ചു.

ഹരിയാന റജിസ്ട്രേഷനിൽ HR 26 E 7674 എന്ന നമ്പറിലുള്ള വാഹനമെന്ന് രേഖകൾ കാറാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. മുഹമ്മദ് സൽമാൻ എന്നയാളുടെ പേരിലാണ് വാഹനം റജിസ്റ്റർ ചെയ്തിട്ടുള്ളത്. നദീം എന്നയാളാണ് നിലവിലെ ഉടമ. സൽമാനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസും അന്വേഷണ ഏജൻസികളും ചോദ്യം ചെയ്തു വരുകയാണ്. പരുക്കേറ്റവരെ ഡൽഹി എൽഎൻജിപി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അമിത് ഷാ സ്ഫോടന സ്ഥലവും ആശുപത്രിയും സന്ദർശിച്ചു. സ്ഫോടനത്തിന്റെ കാരണം ഇപ്പോൾ പറയാറായിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

പ്രദേശത്ത് മൃതദേഹാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീ പൂർണമായും അണച്ചുവെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. സ്ഫോടന ശബ്ദം കേട്ട ആളുകൾ പരിഭ്രാന്തരായി ഓടി. ബോംബ് സ്ക്വാഡും എൻഐഎ, എൻഎസ്ജി ഉൾപ്പെടെയുള്ള അന്വേഷണ, സുരക്ഷാ ഏജൻസികളും സ്ഫോടന സ്ഥലത്തെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനം അതീവ ഗൗരവത്തോടെയാണ് സുരക്ഷ സേനകൾ കാണുന്നത്. രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചാന്ദ്നി ചൗക്കും സമീപമാണ്. സ്ഫോടനത്തെ തുടർന്ന് ചാന്ദ്നി ചൗക്ക് ഉൾപ്പെടെയുള്ള മാർക്കറ്റുകൾ അടച്ചു. മെട്രോ സ്റ്റേഷനുകൾ, റെയിൽവേ, വിമാനത്താവളം, പൈതൃക കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഹരിയാനയിലെ ഫരീദാബാദിൽനിന്ന് മൂന്ന് ടണ്ണോളം സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും ഇതുമായി ബന്ധപ്പെട്ട് ജമ്മുകശ്മീർ സ്വദേശികളായ രണ്ട് ഡോക്ടർമാരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡൽഹിയിൽ സ്ഫോടനമുണ്ടായത്. ചെങ്കോട്ടയ്ക്കു സമീപം ഒരു സിഖ് സംഘടനയുടെ പരിപാടി 11ന് നടക്കാനാരിക്കുകയായിരുന്നു. അതിനുവേണ്ടിയുള്ള പന്തൽ അടക്കം കെട്ടിയിരുന്നു.

You might also like
The World Malayali Council global conference kicked off in Dallas

ഡാളസിൽ വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിന് തിരിതെളിഞ്ഞു

Morning prayers disrupted as two men are stabbed at Edmonton Sikh temple

എഡ്മണ്ടൻ സിഖ് ക്ഷേത്രത്തിൽ പ്രഭാത പ്രാർത്ഥന തടസ്സപ്പെടുത്തി കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്

Mojtaba Khamenei’s voice heard in new video: But when was it filmed?

മൊജ്തബ ഖമേനിയുടെ ശബ്ദം പുതിയ വീഡിയോയിൽ: എന്നാൽ ഇത് എപ്പോൾ ചിത്രീകരിച്ചതാണ്?

Malayali young woman passed away due to a heart attack in the UK

യു.കെയിൽ മലയാളി യുവതി ഹൃദയാഘാതം മൂലം നിര്യാതയായി

Tragic accident claims a family's lives: Father, mother, and son die after falling from hilltop

കുടുംബത്തിന്റെ ജീവനെടുത്ത ദാരുണ അപകടം: കുന്നിൻ മുകളിൽ നിന്ന് വീണ് അച്ഛനും അമ്മയും മകനും മരിച്ചു

Carney warned about economic coercion. Now Trump is testing the Canadian prime minister

ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾക്കെതിരെ കാനഡ; ട്രംപിന്റെ തീരുവ ഭീഷണിയെ നേരിട്ട് മാർക്ക് കാർണി

Top Picks for You
Top Picks for You