ലോസാഞ്ചലസ് മേയര്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ വംശജയും മലയാളിയുമായ നിത്യാ രാമൻ മുന്നേറുന്നു. മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയും മലയാളിയും കൗണ്‍സില്‍ അംഗവുമായ നിത്യ രാമന് റിയാലിറ്റി ടിവി താരവും നിലവിലെ മേയര്‍ കരന് ബാസിനൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടിക്കഴിഞ്ഞു. നിലവിലെ മേയറും മുന്‍ ഡെമോക്രാറ്റിക് അംഗവുമായ കരന് ബാസ് 34.7 ശതമാനം വോട്ടുകളുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിത്യ രാമന് 27.1 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സ്പെന്‍സര്‍ പ്രാറ്റ് 26.7 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്താനുള്ളത്.
ലോസ് ആഞ്ചലസ് മേയര്‍ തിരഞ്ഞെടുപ്പില്‍ പ്രാഥമിക ഘട്ടത്തില്‍ ആകെ വോട്ടുകളില്‍ 50 ശതമാനം നേടിയാല്‍ അയാളെ വിജയിയായി പ്രഖ്യാപിക്കും. അത്തരത്തില്‍ ഒരാള്‍ക്ക് വോട്ട് കിട്ടിയില്ലെങ്കില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തിയവര്‍ തമ്മില്‍ റണ്‍ഓഫ് തിരഞ്ഞെടുപ്പിലേക്ക് പോരാട്ടം മാറും. ഏറ്റവും പുതിയ വോട്ടെണ്ണല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, തങ്ങളുടെ പ്രചാരണത്തിന് പിന്തുണ നല്കിയ ആയിരക്കണക്കിന് ലോസ് ആഞ്ചലസ് നിവാസികള്‍ക്ക് നന്ദി അറിയിച്ച് നിത്യ രാമന് പ്രതികരിച്ചു. നിത്യ രാമന് രണ്ടാം സ്ഥാനത്ത് തുടര്‍ന്നാല്‍ മേയര്‍ സ്ഥാനത്തേയക്ക് നവംബറില്‍ കരന് ബാസും നിത്യ രാമനും തമ്മിലുള്ള നേരിട്ടുള്ള മത്സരമാവും നടക്കുക.






