കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരിമരുന്നുകളും മൊബൈൽ ഫോണുകളും അടക്കമുള്ള നിരോധിത വസ്തുക്കൾ നിരന്തരം കടത്തുന്നത് തടയാൻ അധികൃതർക്ക് കഴിയുന്നില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ ജയിൽ ആശുപത്രി മതിലിന് സമീപത്തുനിന്ന് മദ്യക്കുപ്പികളും സിഗരറ്റുകളും കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും സുരക്ഷാ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തിന് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ, ഒരാഴ്ചയ്ക്കുള്ളിൽ സമാനമായ രണ്ടു കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ജയിൽ ഗേറ്റിൽ നടത്തിയ പരിശോധനയിൽ സിദ്ദീഖ് (53) എന്ന തടവുകാരന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ലഹരി ഓയിൽ അടങ്ങിയ പ്ലാസ്റ്റിക് കുപ്പി പിടികൂടുകയും പോലീസ് കേസ് എടുക്കുകയും ചെയ്തു. തുടർന്ന് നടന്ന പരിശോധനയിൽ റഫീഖ് എന്ന തടവുകാരനിൽ നിന്ന് ഹാഷിഷ് ഓയിൽ ബോട്ടിലും, ആറാം ബ്ലോക്കിന് പിന്നിൽ ഒളിപ്പിച്ച നിലയിൽ സിം കാർഡുള്ള മൊബൈൽ ഫോൺ, ബാറ്ററി, ഡാറ്റാ കേബിൾ എന്നിവയും കണ്ടെത്തി. ജയിലിനുള്ളിൽ തടവുകാർ ഫോൺ ഉപയോഗിക്കുന്നതും അത് ഒളിപ്പിച്ചു വെക്കുന്നതും ഇപ്പോൾ പതിവായിരിക്കുകയാണ്.







