ടൊറൻ്റോ : അമേരിക്കൻ കമ്പനികൾക്കും ബാങ്കുകൾക്കും നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ കാനഡയിലും ഹാക്കർമാർ പ്രശ്നം സൃഷ്ടിക്കുന്നു. ഓഡിറ്റ്, ടാക്സ്, അഡ്വൈസറി സേവനങ്ങൾ നൽകുന്ന കാനഡയിലെ പ്രമുഖ പ്രൊഫഷണൽ സർവീസ് സ്ഥാപനമായ കെപിഎംജി കാനഡയിൽ (KPMG Canada) സൈബർ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. കാനഡയിലെ നിയമ, ധനകാര്യ മേഖലകളിലുള്ളവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്നുവരുന്ന സൈബർ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.
സൈബർ ആക്രമണത്തിൽ ചില ക്ലയൻ്റുകളുടെ നികുതി രേഖകളും വ്യക്തഗത വിവരങ്ങളും ചോർന്നതായി കമ്പനി അറിയിച്ചു. എന്നാൽ, ആക്രമണത്തിന്റെ വ്യാപ്തിയോ സ്വഭാവമോ ഉൾപ്പെടെ, കൂടുതൽ വിവരങ്ങൾ അക്കൗണ്ടിങ് സ്ഥാപനം വെളിപ്പെടുത്തിയിട്ടില്ല. വിവരങ്ങൾ ചോർന്നെങ്കിലും, അവ ഓൺലൈനിൽ ലഭ്യമായിട്ടില്ലെന്നും മറ്റേതെങ്കിലും ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്നും കമ്പനിക്ക് ഉറപ്പുണ്ടെന്ന് വക്താവ് സോഞ്ജ ക്ലൗട്ടിയർ-ബോസ്വർത്ത് പറഞ്ഞു.








