2026-ൽ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതിയ പെൺകുട്ടികളിൽ നാലിൽ ഒരാൾ വീതം വിജയം വരിച്ചു. 2019-നെ അപേക്ഷിച്ച് യോഗ്യത നേടിയ പെൺകുട്ടികളുടെ എണ്ണത്തിൽ 89% വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ (IIT) പ്രവേശനത്തിനായി ചരിത്രത്തിലാദ്യമായി പതിനായിരത്തിലധികം പെൺകുട്ടികൾ യോഗ്യത നേടി. പരീക്ഷ എഴുതിയ പെൺകുട്ടികളിൽ നാലിൽ ഒരാൾ വീതം വിജയം വരിച്ചതോടെ, ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ‘ദി ഇന്ത്യൻ എക്സ്പ്രസ്’ വിശകലനം ചെയ്ത കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്.
ഐഐടികളിൽ പെൺകുട്ടികളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ ‘സൂപ്പർന്യൂമററി സീറ്റ് സ്കീം’ (അധിക സീറ്റുകൾ അനുവദിക്കുന്ന പദ്ധതി) നിലവിൽ വന്നതിന് ശേഷം, യോഗ്യത നേടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. 2019-ൽ 5,356 പെൺകുട്ടികളാണ് യോഗ്യത നേടിയിരുന്നതെങ്കിൽ, 2026-ൽ അത് 10,107 ആയി ഉയർന്നു— അതായത് ഏകദേശം 89 ശതമാനത്തിന്റെ വർധനവ്. ഇതേ കാലയളവിൽ പരീക്ഷ എഴുതിയ പെൺകുട്ടികളുടെ എണ്ണം 33,249-ൽ നിന്ന് 40,562 ആയി (ഏകദേശം 22 ശതമാനം) വർധിക്കുകയും ചെയ്തു.
പെൺകുട്ടികളിലെ ടോപ്പറായ ആരോഹിയെ പരിചയപ്പെടാം
തിങ്കളാഴ്ച പ്രഖ്യാപിച്ച ജെഇഇ അഡ്വാൻസ്ഡ് 2026 ഫലമനുസരിച്ച്, പരീക്ഷ എഴുതിയ 40,562 പെൺകുട്ടികളിൽ 24.9 ശതമാനം പേരും യോഗ്യത നേടി. മൊത്തത്തിൽ, ഏകദേശം 56,000 ഉദ്യോഗാർത്ഥികളാണ് ഇത്തവണ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത്.
ജെഇഇ അഡ്വാൻസ്ഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു എന്നത് കൊണ്ട് മാത്രം ഐഐടിയിൽ സീറ്റ് ഉറപ്പാകുന്നില്ല — രാജ്യത്തെ 23 ഐഐടികളിലായി ആകെ ഏകദേശം 20,000 സീറ്റുകളാണുള്ളത്. എന്നാൽ, ഐഐടികളിൽ സീറ്റ് ലഭിക്കാത്തവർക്കും മറ്റ് പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും. ഇവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) അല്ലെങ്കിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) എന്നിവയിൽ സീറ്റ് ലഭിക്കാൻ വലിയ സാധ്യതയുണ്ട്.






