ടൊറൻ്റോ : ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത് ഹാമിൽട്ടൺ പൊലീസ്. നോർത്ത് യോർക്കിൽ നിന്നും 26 വയസ്സുള്ള ഒബീസിയ ഒകാഫോർ, നയാഗ്ര ഫോൾസ് സ്വദേശി 32 വയസ്സുള്ള ജെർഡൈൻ ഫോസ്റ്റർ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതക കുറ്റവും കൊലപാതകശ്രമ കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട നിരവധി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി 905-546-4123 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഹാമിൽട്ടൺ പൊലീസ് അഭ്യർത്ഥിച്ചു.
ഏപ്രിൽ 17-ന് ഹാമിൽട്ടണിലെ അപ്പർ ജെയിംസ് സ്ട്രീറ്റിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വെടിവയ്പ്പിൽ മോഹോക് കോളേജ് വിദ്യാർത്ഥിനിയായ ഹർസിമ്രത് രൺധാവ (21) കൊല്ലപ്പെട്ടിരുന്നു. അപ്പർ ജെയിംസ് സ്ട്രീറ്റിലെ സൗത്ത് ബെൻഡ് റോഡ് ഏരിയയിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോളാണ് ഹർസിമ്രത് വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ടു സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിൽ അബദ്ധത്തില്‍ ഹർസിമ്രത് രൺധാവയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിൽ വിദ്യാർത്ഥിനിയെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.