മാനിറ്റോബ: കഴിഞ്ഞ വർഷം മാനിറ്റോബയിൽ വാഹനാപകടത്തിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ അറസ്റ്റിലായി. ഓഗസ്റ്റ് 21ന് ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 25 വയസ്സുള്ള നവ്ജീത് സിംഗിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2024 നവംബർ 15ന് മാനിറ്റോബയിലെ ആൾട്ടോണയ്ക്ക് സമീപം നവ്ജീത് സിംഗ് ഓടിച്ച സെമി-ട്രെയിലർ എസ്യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഓടിച്ചിരുന്ന 35 വയസ്സുള്ള യുവതി സംഭവസ്ഥലത്ത് വെച്ച് മരിച്ചു. സാരമായി പരുക്കേറ്റ ഇവരുടെ എട്ട് വയസ്സുള്ള മകൾ ആശുപത്രിയിൽ വെച്ചും മരണമടയുകയായിരുന്നു.
അപകടകരമായി വാഹനമോടിച്ച് രണ്ടു പേരുടെ മരണത്തിന് കാരണമായതിനും കൃത്യനിർവ്വഹണത്തിൽ പോലീസ് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയതിനും സിംഗിനെതിരെ നവംബർ 20ന് ആർസിഎംപി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഒൻപത് മാസമായി കാനഡയിലുടനീളം ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ കാനഡയിലെത്തിയ നവ്ജീത് സിംഗിനെ പീൽ റീജിയണൽ പോലീസും കാനഡ ബോർഡർ സർവീസസ് ഏജൻസിയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് പിടികൂടിയത്.







