ഹൈദരാബാദിനെ അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസ ഹബ്ബായി ഉയർത്തുന്നതിന്റെ ഭാഗമായി പ്രശസ്തമായ വിദേശ സർവകലാശാലകൾ നഗരത്തിൽ പുതിയ ക്യാമ്പസുകൾ ആരംഭിക്കുന്നു. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയും ലണ്ടൻ യൂണിവേഴ്സിറ്റിയുമാണ് ഹൈദരാബാദിൽ പ്രവർത്തനമാരംഭിക്കാൻ തയാറായി മുന്നോട്ടുവന്നിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തി.
ഇതിന് പുറമെ ലോകപ്രശസ്തമായ ഹാർവാർഡ് സർവകലാശാലയും സംസ്ഥാനത്ത് വിവിധ കോഴ്സുകൾ നടത്തുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശ സർവകലാശാലകളുമായുള്ള ചർച്ചകൾക്കായി മുൻപ് പ്ലാൻ ചെയ്ത യുഎസ് സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നെങ്കിലും, യുകെ സന്ദർശനത്തിനിടെ ഓക്സ്ഫഡ്, കേംബ്രിജ് സർവകലാശാലകളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയൊരു മുന്നേറ്റം നൽകുന്നതാണ് ഈ പുതിയ നീക്കങ്ങൾ.







