കാനഡയിൽ ഫുഡ് ബാങ്ക് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. 2019 ന് ശേഷം ഫുഡ് ബാങ്ക് സന്ദർശിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായതായും ഫുഡ് ബാങ്ക്സ് കാനഡയുടെ 2025-ലെ ‘ഹംഗർ കൗണ്ട്’ റിപ്പോർട്ട് വ്യക്തമാക്കുന്നു. മാർച്ച് മാസത്തിൽ മാത്രം 22 ലക്ഷത്തോളം പേരാണ് ഫുഡ് ബാങ്ക് സന്ദർശിച്ചത്.
രാജ്യത്തുടനീളം പട്ടിണിയും ദാരിദ്ര്യവും സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. വീട്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വില വർദ്ധിക്കുന്നത് കാരണം കാനഡയിൽ താമസിക്കുന്നവർക്ക് സഹായം തേടേണ്ടി വരുന്നത് പതിവാവുകയാണ്. ആറ് വർഷം മുമ്പ് ഭക്ഷ്യ ബാങ്ക് ഉപയോക്താക്കളിൽ പത്തിൽ ഒരാൾക്ക് മാത്രമാണ് ജോലിയുണ്ടായിരുന്നത് എങ്കിൽ, ഇപ്പോൾ അഞ്ചിൽ ഒരാൾക്ക് ജോലിയുണ്ട്. പലർക്കും മുഴുവൻ സമയ ജോലിയുണ്ടെങ്കിൽ പോലും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ കഴിയുന്നില്ലെന്ന് അധികൃതർ പറയുന്നു.
ഭക്ഷ്യ ബാങ്ക് ഉപയോക്താക്കളിൽ 34 ശതമാനം കാനഡയിലെത്തിയ പുതിയ കുടിയേറ്റക്കാരാണ്. 2019-ന് ശേഷം ഇത് കുത്തനെ വർധിച്ചിട്ടുണ്ട്. കുറഞ്ഞ വേതനം, സ്ഥിരതയില്ലാത്ത ജോലി, സാമൂഹികാനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പരിമിതി തുടങ്ങി പല പ്രതിസന്ധികളാണ് ഇവർ നേരിടുന്നത്. മുതിർന്ന പൗരന്മാരും കുട്ടികളുള്ള രക്ഷിതാക്കളും കൂടുതലായി ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. രാജ്യത്ത് നിലനില്ക്കുന്ന ദുരിത സാഹചര്യങ്ങളുടെ തെളിവാണ് ഫുഡ് ബാങ്ക് ഉപയോഗത്തിലെ വർദ്ധനയെന്ന് വിദഗ്ധർ വ്യക്തമാക്കി. ഇത് പരിഹരിക്കാൻ എംപ്ലോയ്‌മെൻ്റ് ഇൻഷുറൻസിൽ പരിഷ്‌കാരങ്ങൾ, കൂടുതൽ അഫോർഡബിൾ ഭവനങ്ങൾ, കുറഞ്ഞ വരുമാനക്കാർക്കായി ഗ്രോസറി ആനുകൂല്യം തുടങ്ങിയവ നടപ്പാക്കണമെന്ന് ഫുഡ് ബാങ്ക്സ് കാനഡ ആവശ്യപ്പെട്ടു.







