newsroom@amcainnews.com

ബോബി ചെമ്മണൂറിന് ജാമ്യമില്ല; ബോ ചെ ജയിലിൽ, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; കോടതി ഉത്തരവിന് പിന്നാലെ ദേഹാസ്വാസ്ഥ്യം

കൊച്ചി: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യമില്ല. കേസിൽ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണൂരിനെ വ്യാഴാഴ്ച രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിനൊപ്പം ബോബിയുടെ ജാമ്യഹർജിയും കോടതി പരിഗണിച്ചിരുന്നു. കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യമുണ്ടായി.

തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യഹർജിയിൽ പ്രതിഭാഗത്തിന്റെ വാദം. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാണ് പറഞ്ഞത്. ഹണി റോസിന്റെ ആരോപണങ്ങളെല്ലാം വ്യാജമാണ്. മാത്രമല്ല, നടി പരാതി നൽകാൻ വൈകിയത് എന്തുകൊണ്ടാണെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും ബോബി ചെമ്മണൂരിനായി ഹാജരായ അഡ്വ. ബി.രാമൻപിള്ള കോടതിയിൽ വാദിച്ചു.

പരാതിക്കടിസ്ഥാനമായ ഉദ്ഘാടന ചടങ്ങിന് ശേഷവും ഇരുവരും സൗഹൃദത്തിലായിരുന്നു. ഇരുവരും പിന്നീട് മറ്റൊരു പരിപാടിയിലും ഒരുമിച്ച് പങ്കെടുത്തു. പരാതിക്ക് പിന്നിൽ മറ്റെന്തെങ്കിലും താത്പര്യമാകാം. പ്രസ്തുത പരിപാടിയുടെ വീഡിയോ തെളിവുകളുണ്ട്. നടി തന്നെ ഈ വീഡിയോകൾ പങ്കുവെച്ചിരുന്നു. ഈ വീഡിയോകൾ കോടതി കാണണമെന്നും പാസ്പോർട്ട് ഹാജരാക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

അതേസമയം, ബോബി ചെമ്മണൂരിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടി നൽകിയ പരാതിയിലെ വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദ്വയാർഥ പദപ്രയോഗം നടത്തിയ പ്രതി തുടർച്ചയായി നടിയെ അധിക്ഷേപിച്ചു. അനുവാദമില്ലാതെ മോശമായരീതിയിൽ നടിയുടെ ശരീരത്തിൽ സ്പർശിച്ചു. ആയിരക്കണക്കിനാളുകളുടെ മുന്നിൽവെച്ചാണ് നടിയെ അപമാനിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയുംചെയ്തു. ആ ഉദ്ഘാടനചടങ്ങിൽനിന്ന് ഏറെ വേദനിച്ചാണ് നടി മടങ്ങിയതെന്നും ജാമ്യം നൽകിയാൽ പ്രതി ഒളിവിൽപോകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

എറണാകുളം സെൻട്രൽ പോലീസ് പ്രത്യേകസംഘം വയനാട്ടിലെ എസ്റ്റേറ്റിൽനിന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കസ്റ്റഡിയിലെടുത്ത ബോബിയെ വൈകീട്ട് ഏഴോടെയാണ് കൊച്ചിയിലെത്തിച്ചത്. ചോദ്യംചെയ്യലിനുശേഷം 7.15-ഓടെ അറസ്റ്റ് രേഖപ്പെടുത്തി. ബോബിയുടെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ റിസോർട്ടിൽനിന്ന് കോയമ്പത്തൂരിലേക്ക് യാത്രതുടങ്ങിയ ബോബിയെ കാർ തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ജീപ്പ് എത്തിച്ച് കൊച്ചിയിലേക്ക് കൊണ്ടുവരുകയായിരുന്നു. സ്വന്തംവാഹനത്തിൽ എത്താമെന്ന് പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ല.

തെറ്റുചെയ്തിട്ടില്ലെന്നും സംഭാഷണത്തെ ദ്വയാർഥമായി എടുത്തതാണെന്നും സ്റ്റേഷനിലേക്ക് കയറുംവഴി ബോബി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനിടെ, ബോബിക്കെതിരേയുള്ള പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹണി റോസ് രഹസ്യമൊഴി നൽകിയിരുന്നു. കൂടുതൽ ആരോപണങ്ങൾ നടി ഉന്നയിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്. ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി സംസാരിക്കാൻ അവസരംകിട്ടിയെന്നും നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും ഹണി റോസ് പ്രതികരിച്ചു. എനിക്ക് സംരക്ഷണംനൽകുന്ന സർക്കാരും പോലീസുമുള്ള ഒരു സംസ്ഥാനത്ത്, അങ്ങനെയൊരു രാജ്യത്താണ് ജീവിക്കുന്നതെന്ന ഉറച്ചബോധ്യം എനിക്കുണ്ട്. ആ ബോധ്യം ഉള്ളതിനാലാണ് യുദ്ധത്തിനിറങ്ങിത്തിരിച്ചത് -അവർ പറഞ്ഞു.

You might also like

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

ഇസ്രയേലിലേക്ക് വീണ്ടും പറക്കാൻ എയർ കാനഡ: ടൊറൻ്റോ-ടെൽ അവീവ് സർവീസ് നവംബർ 30 മുതൽ

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

സാജു പി തോമസ് ലണ്ടൻ ഒൻ്റാരിയോയിൽ അന്തരിച്ചു

Top Picks for You
Top Picks for You