കാനഡയിലെ അതിസമ്പന്നരിൽ ഒരാളായ ചാങ്പെങ് ഷാവോയ്ക്ക് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മാപ്പ് നൽകി. ലോകത്തിലെ പ്രമുഖ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസിൻ്റെ മുൻ സി.ഇ.ഒയും സഹസ്ഥാപകനുമാണ് CZ എന്നറിയപ്പെടുന്ന ഷാവോ. ഏകദേശം 6,100 കോടി കനേഡിയൻ ഡോളർ ആസ്തിയുള്ള ഇദ്ദേഹമാണ് കാനഡയിലെ ഏറ്റവും സമ്പന്നനായ വ്യക്തി.
ബിനാൻസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ഷാവോ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 100 മില്യൺ യു.എസ്. ഡോളർ പിഴയടച്ചതിന് പുറമെ 2024-ൽ അദ്ദേഹം കാലിഫോർണിയയിലെ ജയിലിൽ നാല് മാസം തടവിൽ കഴിയുകയും ചെയ്തു. ബിനാൻസ് കമ്പനി യു.എസ്. അധികാരികൾക്ക് 4.3 ബില്യൺ ഡോളറും പിഴയായി നൽകിയിരുന്നു. ഷാവോയ്ക്ക് മാപ്പ് നല്കിയ ട്രംപ് “അദ്ദേഹം ചെയ്തത് ഒരു കുറ്റം പോലുമല്ല” എന്ന് അവകാശപ്പെടുകയും ചെയ്തു. തുടർന്ന് ട്രംപിന് നന്ദി അറിയിച്ചുകൊണ്ട് ഷാവോ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടു.
അമേരിക്കയിലെ ക്രിപ്‌റ്റോ വളർച്ചയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ട്രംപ് തൻ്റെ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചാണ് മാപ്പ് നൽകിയതെന്നും, ഈ കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും വൈറ്റ്‌ഹൗസ് വ്യക്തമാക്കി. ക്രിപ്‌റ്റോ വ്യവസായത്തോട് ബൈഡൻ ഭരണകൂടം വിരോധത്തോടെയാണ് പെരുമാറിയതെന്നും പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്, വിമർശിച്ചു. എന്നാൽ സെനറ്റർ എലിസബത്ത് വാറൻ ഈ മാപ്പ് നല്കിയ നടപടിയെ ശക്തമായി അപലപിച്ച് രംഗത്തെത്തി. ഷാവോ ട്രംപിൻ്റെ ക്രിപ്‌റ്റോ സംരംഭങ്ങളെ സഹായിക്കുകയും മാപ്പിനായി ലോബിയിംഗ് നടത്തുകയും ചെയ്തു എന്ന് അവർ ആരോപിച്ചു.







