ഫ്ലൂ അടക്കമുള്ള അണുബാധകളെ പ്രതിരോധിക്കാൻ ക്യുബെക്കിലുടനീളം ഫ്ലൂ വാക്സിനേഷൻ ക്യാമ്പെയ്ൻ ചൊവ്വാഴ്ച മുതൽ ആരംഭിച്ചു. ഈ വർഷം ഫ്ലൂ സീസൺ നേരത്തെ ആരംഭിക്കുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നതെന്ന് ക്യുബെക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. കാരൊലിൻ ക്വാച്ച്-താൻ അറിയിച്ചു. ഫ്ലൂ വാക്സിൻ എടുത്ത് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും അത് പൂർണ്ണ ഫലപ്രാപ്തിയിലെത്തുന്നതെന്നും അവർ പറഞ്ഞു. അതിനാൽ പ്രവിശ്യാ നിവാസികൾ എത്രയും വേഗം ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്നും അവർ നിർദ്ദേശിച്ചു. ഇതിനകം 1,00,000 അപ്പോയിന്റ്മെൻ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്. അപ്പോയിന്റ്മെൻ്റ് എടുക്കുന്നതിനായി, ‘Clic-Santé’ പ്ലാറ്റ്ഫോം സന്ദർശിക്കുകയോ ഫാർമസികളുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
ഫ്ലൂ, കോവിഡ്-19, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) എന്നീ അണുബാധകൾക്കെതിരെ അപകടസാധ്യതയുള്ള 80% പ്രവിശ്യാ നിവാസികൾക്ക് വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഈ നിരക്ക് ഏകദേശം 60% മാത്രമായിരുന്നുവെന്ന് ക്വാച്ച്-താൻ ചൂണ്ടിക്കാട്ടി. ഈ വർഷം, 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർ, കുറഞ്ഞത് 13 ആഴ്ച ഗർഭിണികളായ സ്ത്രീകൾ, പ്രമേഹം, ആസ്ത്മ, അല്ലെങ്കിൽ ദീർഘകാല ഹൃദയ-ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയുള്ളവർ എന്നിവർക്ക് മാത്രമായിരിക്കും സൗജന്യ വാക്സിനേഷൻ ലഭിക്കുക. പൊതുജനങ്ങൾക്ക് ഫ്ലൂ വാക്സിനായി 30 മുതൽ 50 ഡോളർ വരെ നൽകേണ്ടി വരും.







