വാട്സാപ്പിലൂടെയും എസ്.എം.എസിലൂടെയും വ്യാജ സന്ദേശങ്ങൾ അയച്ച് വിവരങ്ങളും പണവും കവരുന്ന ‘ബോസ് സ്കാം’ തട്ടിപ്പ് സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. സ്ഥാപനങ്ങളിലെ മേലുദ്യോഗസ്ഥരെന്ന വ്യാജേന ജീവനക്കാർക്ക് സന്ദേശമയച്ച് പണം കൈമാറാൻ ആവശ്യപ്പെടുന്നതാണ് ഇതിന്റെ പ്രധാന രീതി. റിസർവ് ബാങ്ക്, കോർപറേറ്റ് കാര്യ മന്ത്രാലയം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ അക്കൗണ്ടുകളിൽ തകരാറോ നിയമപ്രശ്നങ്ങളോ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അറിയിപ്പുകളാണ് അയയ്ക്കുന്നത്. ഇതിനോടൊപ്പം വരുന്ന അപകടകരമായ സിപ് (zip) ഫയലുകൾ തുറക്കുന്നതോടെ ഫോണുകളിലും കമ്പ്യൂട്ടറുകളിലും വൈറസ് ബാധിക്കുകയും, ദുരൂഹ പ്രോഗ്രാം വഴി കോൺടാക്ട് ലിസ്റ്റിലുള്ള മുഴുവൻ ആളുകളിലേക്കും ഗ്രൂപ്പുകളിലേക്കും ഈ വ്യാജ സന്ദേശം തനിയെ പ്രചരിക്കുകയും ചെയ്യുന്നു. പരിചയക്കാരുടെ ഫോണിൽ നിന്നാണ് വരുന്നത് എന്നതിനാൽ സംശയിക്കാതെ ആളുകൾ ഈ ഫയലുകൾ തുറക്കാൻ ഇടയാകുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ ഇതിനെതിരെ നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അറിയാത്തതോ സംശയകരമായതോ ആയ സിപ് ഫയലുകളും ഇമെയിൽ അറ്റാച്ച്മെന്റുകളും യാതൊരു കാരണവശാലും തുറക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ഫോണുകളിലെയും കമ്പ്യൂട്ടറുകളിലെയും ഓപ്പറേറ്റിങ് സിസ്റ്റവും സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകളും കൃത്യമായി അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുന്നത് ഇത്തരം സൈബർ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കുമെന്നും ഐടി മേഖലയിലുള്ളവർ വ്യക്തമാക്കുന്നു.
വാട്സാപ്പിലെ ലിങ്ക്ഡ് ഡിവൈസസ് വിഭാഗം പരിശോധിച്ച് പരിചയമില്ലാത്ത ഉപകരണങ്ങളിൽനിന്ന് ലോഗൗട്ട് ചെയ്യണം. വൈറസ് ബാധിച്ചെന്ന് ഉറപ്പായാൽ ഡേറ്റകൾ ബാക്കപ്പ് ചെയ്ത് സിസ്റ്റം ഫോർമാറ്റ് ചെയ്യണം.







