newsroom@amcainnews.com

2024 യുഎസിന് സംഭവബഹുലം; ട്രംപിന്റെ തിരിച്ചു വരവോടെ യുഎസിനെയും ലോകത്തിനെയും കാത്തിരിക്കുന്നത് എന്തൊക്കെയാകും? ആശങ്കയോടെ കുടിയേറ്റക്കാർ

ലോകം മുഴുവൻ യുഎസിലേക്കു കണ്ണും കാതും തിരിച്ച വർഷം, യുഎസിന്റെ 47-ാം പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയ വർഷം. ഒരു വനിതയെ നേതാവായി സ്വീകരിക്കാൻ ആ രാജ്യം ഇനിയും പാകപ്പെട്ടില്ലെന്നു വീണ്ടും തെളിയിക്കപ്പെട്ട വർഷം, തെരഞ്ഞെടുപ്പു രാഷ്ട്രീയം ഇനി വേണ്ടെന്ന് ജോ ബൈഡൻ പാതിവഴിയിൽ തീരുമാനിച്ച വർഷം. സംഭവബഹുലമായിരുന്നു യുഎസിന് 2024.

2024ന് രണ്ടുവർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2022 നവംബർ 15ന്, ഡോണൾഡ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. ഒരു വർഷത്തിനു ശേഷം ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനും മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. പ്രായാധിക്യവും നിലവിലെ സർക്കാരിന്റെ വീഴ്ചകളും ചേർന്ന് ബൈഡന്റെ സ്ഥാനാർഥിത്വത്തിൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽത്തന്നെ സംശയമുണ്ടായിരുന്നെങ്കിലും 2024ന്റെ തുടക്കത്തിൽത്തന്നെ ട്രംപ്-ബൈഡൻ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ 7 മാസത്തിനു ശേഷം ജൂലൈ 21ന് ബൈഡൻ മത്സരത്തിൽനിന്ന് പിന്മാറി. ഓഗസ്റ്റ് 5ന് ബൈഡനു പകരം വൈസ് പ്രസിഡന്റ് കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി. വൈകിത്തുടങ്ങിയെങ്കിലും കമലയും ട്രംപും ഒപ്പത്തിനൊപ്പമെന്നാണ് വോട്ടെണ്ണലിനു തൊട്ടുമുൻപു വരെ തെരഞ്ഞെടുപ്പ് സർവേകളെല്ലാം പ്രവചിച്ചത്. എന്നാൽ യാഥാർഥ്യം മറിച്ചായി. പ്രവചനങ്ങളെ കാറ്റിൽപറത്തി 7 സ്വിങ് സ്റ്റേറ്റുകളിലടക്കം ട്രംപിന്റെ ആധികാരിക വിജയം. ജനകീയ വോട്ടിലും ഇലക്ടറൽ വോട്ടിലും കമലയെ ട്രംപ് ബഹുദൂരം പിന്നിലാക്കി. ബൈഡന്റെ നയങ്ങൾ തുടരുമെന്നു പ്രഖ്യാപിച്ച കമലയിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്ന് യുഎസ് ജനതയ്ക്കു തോന്നിയതാവാം കാരണം.

2025 ജനുവരി 20ന് ഡോണൾഡ് ട്രംപ് അധികാരത്തിലേറുമ്പാൾ പുതുവർഷത്തിൽ യുഎസിനെയും ലോകത്തിനെയും കാത്തിരിക്കുന്നത് എന്തൊക്കെയാകും? ഇക്കാര്യത്തിൽ ആശങ്കയും പ്രതീക്ഷയും ഒരുപോലെയാണ്. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, അത്രയും അപ്രവചനീയനാണ് ട്രംപ്. രണ്ട്, യുഎസിന്റെ നയവ്യതിയാനങ്ങൾക്ക് ലോകക്രമത്തെ അത്രയേറെ സ്വാധീനിക്കാനുള്ള കെൽപുണ്ട്. തീരുവകൾ മുതൽ കുടിയേറ്റം വരെ സംബന്ധിക്കുന്ന സകല നയങ്ങളും ട്രംപ് ഉടച്ചുവാർക്കുമെന്നാണ് സൂചന. കുടിയേറ്റ നയത്തിൽ ട്രംപ് വരുത്താൻ പോകുന്ന മാറ്റങ്ങളാകും ഏറ്റവും പ്രധാനം. കുടിയേറ്റം നിയന്ത്രിക്കാൻ അതിർത്തികൾ അടയ്ക്കുക, അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചയയ്ക്കൽ നടപടി സാധ്യമാക്കുക എന്നിവയാണ് അജൻഡ 47 എന്നു പേരിട്ടിട്ടുള്ള, ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ആദ്യത്തെ രണ്ടു വാഗ്ദാനങ്ങൾ. അതുകൊണ്ടുതന്നെ കുടിയേറ്റ വിഷയത്തിൽ ട്രംപ് നയം കടുപ്പിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്.

ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുമെന്നും ഇതിനായി സൈന്യത്തെ ഉപയോഗിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിൽ ജനിക്കുന്നയാൾക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കുന്ന ബർത് റൈറ്റ് സിറ്റിസൻഷിപ്പ്, 16 വയസ്സിനു മുൻപ് യുഎസിലെത്തി 2007 മുതൽ രാജ്യത്തു തുടരുന്ന അനധികൃത കുടിയേറ്റക്കാരായ കുട്ടികളെ പുറത്താക്കലിൽനിന്നു സംരക്ഷിച്ച് വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള അവകാശം നൽകുന്ന ഡെഫേഡ് ആക്‌ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ് (ഡാക) തുടങ്ങിയ നയങ്ങൾ റദ്ദാക്കുമെന്നും ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മെക്സിക്കൻ അതിർത്തിയിൽ മതിൽകെട്ടി കുടിയേറ്റക്കാരെ തടയാനുള്ള നീക്കം രണ്ടാം ട്രംപ് സർക്കാരും തുടർന്നേക്കാം. ഒരു വർഷം പത്തുലക്ഷം അനധികൃത കുടിയേറ്റക്കാരെയെങ്കിലും പുറത്താക്കുമെന്നാണ് നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രഖ്യാപനം. 18,000ത്തോളം ഇന്ത്യക്കാരും ഇതിലുൾപ്പെടും.

ഇസ്രയേൽ- ഹമാസ്- ഇറാൻ- ലെബനൻ, റഷ്യ-യുക്രെയ്ൻ യുദ്ധങ്ങൾ, സിറിയൻ ആഭ്യന്തര യുദ്ധം തുടങ്ങിയ സംഘർഷ വിഷയങ്ങളിൽ ട്രംപ് സ്വീകരിക്കുന്ന നയങ്ങളും 2025ന്റെ ഭാവി നിശ്ചയിക്കും. ജനുവരി 20ന് താൻ അധികാരമേറ്റെടുക്കും മുൻപ് ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. തികച്ചും ഇസ്രയേൽ അനുകൂലമായിരുന്നു ആദ്യ ട്രംപ് സർക്കാർ. ഏബ്രഹാം കരാറും ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചതും ഉൾപ്പെടെ ട്രംപിന്റെ തീരുമാനങ്ങളെല്ലാം ഇസ്രയേലിനു ഗുണം ചെയ്തു. എന്നാൽ രണ്ടാം ട്രംപ് ഭരണകൂടമെത്തുമ്പോൾ കാര്യങ്ങൾ മാറിയിട്ടുണ്ട്. ഇസ്രയേലും ഹമാസും യുദ്ധം തുടങ്ങി, ലബനനെ ഇസ്രയേൽ നേരിട്ടാക്രമിച്ചു, ഇറാനിലും സിറിയയിലും ഇസ്രയേൽ ആക്രമണങ്ങൾ നടത്തുന്നു. ഈ സാഹചര്യത്തിൽ ഇസ്രയേലിനെ പഴയതുപോലെ ട്രംപ് ചേർത്തുപിടിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

യുദ്ധങ്ങളെ എതിർക്കുന്നതാണ് ട്രംപിന്റെ രീതി. അതിനു പിന്നിലെ മനുഷ്യനാശം കൊണ്ടല്ല. യുദ്ധം ചെലവേറിയതെന്ന കാരണത്താലാണത്. ആഗോള സംഘർഷങ്ങൾക്കായി യുഎസ് പണം ചെലവഴിക്കുന്നതിനെയും ട്രംപ് അനുകൂലിക്കുന്നില്ല. അതുകൊണ്ടുതന്നെ ഹമാസുമായി വെടിനിർത്തൽ കരാറിനും ലബനനുമായി ധാരണയിലെത്താനും ഇസ്രയേലിനുമേൽ ട്രംപ് സമ്മർദം ചെലുത്തിയേക്കും. എന്നാൽ ഹമാസിന്റെ അവസാനം കണ്ടേ യുദ്ധം അവസാനിപ്പിക്കൂവെന്ന് പ്രഖ്യാപിച്ച നെതന്യാഹു ഇതിനോട് പ്രതികരിക്കുന്നുവെന്നത് ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ മാത്രമല്ല ഇസ്രയേൽ-യുഎസ് ബന്ധത്തിന്റെ ഭാവിയും നിശ്ചയിക്കും.

യുക്രെയ്നിലും സമാനസ്ഥിതി തുടരുന്നു. മൂന്നുവർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിനായി ഇനിയും പണം മുടക്കുന്നതെന്തിനെന്ന് യുഎസ് ജനത ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ ആയുധങ്ങൾ യുക്രെയ്ൻ റഷ്യയ്ക്കുനേരെ ഉപയോഗിക്കുന്നതിനെ ട്രംപ് തന്നെ വിമർശിക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പുട്ടിനോടും സെലൻസ്‌കിയോടും ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ച യുക്രെയ്ന്റെ ഇഷ്ടപ്രകാരമെന്ന ബൈഡൻ ഭരണകൂടത്തിന്റെ നയത്തിൽനിന്നു മാറി, യുഎസ് മധ്യസ്ഥത വഹിക്കുന്ന ചർച്ചകൾക്കു ട്രംപ് തുടക്കമിടാനാണ് സാധ്യത. യുക്രെയ്നിന്റെ നാറ്റോ പ്രവേശനം നീട്ടിവച്ചും സൈനികരഹിത മേഖല സൃഷ്ടിച്ചും താൽകാലിക യുദ്ധവിരാമത്തിനാണ് ട്രംപിന്റെ പദ്ധതിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. യുക്രെയ്ൻ വിഷയത്തിൽ ട്രംപുമായി ചർച്ചയ്ക്ക് തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ പെട്ടെന്ന് തട്ടിക്കൂട്ടുന്ന ഇത്തരം പരിഹാരങ്ങൾ ഗുണത്തേക്കാളേറെ രാജ്യത്തിനു ദോഷം ചെയ്യുമെന്ന ചർച്ചകൾ ഇപ്പോൾത്തന്നെ യുക്രെയ്ൻ അനുകൂലികൾ ആരംഭിച്ചിട്ടുമുണ്ട്.

യുഎസിൽ പുതിയ സർക്കാർ അധികാരത്തിലെത്തുന്ന 2025 ഇന്ത്യയും ആകാംക്ഷയോടെ കാത്തിരിക്കുന്നു. പ്രതിരോധ സഹകരണം ട്രംപിനു കീഴിൽ ശക്തമാകുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ. ഇന്തോ-പസിഫിക്കിലും ക്വാഡ് അടക്കമുള്ള സഖ്യങ്ങളിലും ശക്തമായ ഇടപെടലും പുതിയ നീക്കങ്ങളും ഉണ്ടാകും. യുഎസും ഇന്ത്യയും ഒരുപോലെ ചൈനയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നുവെന്നതിനാൽ ഇന്തോ-പസിഫിക്കിൽ തന്ത്രപ്രധാന നീക്കങ്ങൾ നടത്താൻ യുഎസ് പരമാവധി ശ്രദ്ധ ചെലുത്തും. കുടിയേറ്റം, തീരുവ വിഷയങ്ങളാണ് ഇന്ത്യയും ഭയക്കേണ്ടത്. ഇരട്ടി തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും അത് യുഎസിൽ വിലക്കയറ്റം സൃഷ്ടിക്കുമെന്നതിനാൽ അത്ര വേഗത്തിൽ തീരുവ കൂട്ടൽ നടപ്പാകില്ലെന്നു വേണം കരുതാൻ.

You might also like
Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

Top Picks for You
Top Picks for You