സ്വകാര്യ ഡയഗ്നോസ്റ്റിക്സ് അനുവദിക്കാനുള്ള ആൽബെർട്ട സർക്കാരിൻ്റെ നീക്കത്തിനെതിരെ വിമർശനവുമായി ഡോക്ടർമാർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ എംആർഐ, സിടി സ്കാനുകൾ ഉൾപ്പെടെയുള്ള ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്താൻ അനുവദിക്കുന്ന മാറ്റങ്ങൾക്കാണ് പ്രവിശ്യ സർക്കാർ പദ്ധതിയിടുന്നത്. ഇതിനെതിരെയാണ് ഡോക്ടർമാർ രംഗത്തെത്തിയത്.
പൊതുജനാരോഗ്യ സംവിധാനത്തിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും രോഗനിർണയം വേഗത്തിലാക്കാനും പുതിയ മാറ്റം സഹായിക്കുമെന്നാണ് ആരോഗ്യ മന്ത്രി അഡ്രിയാന ലാ ഗ്രേഞ്ച് പറയുന്നത്. എന്നാൽ, ഈ നീക്കം പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കുമെന്നും സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രം വേഗത്തിൽ ചികിത്സ ലഭിക്കുന്ന അസമത്വമുള്ള ഒരു സംവിധാനത്തിന് വഴിയൊരുക്കുമെന്നും ആൽബെർട്ട മെഡിക്കൽ അസോസിയേഷൻ (എഎംഎ) പ്രസിഡൻ്റ് ഡോ. പോൾ പാർക്സ് മുന്നറിയിപ്പ് നൽകി.
നിലവിൽ പൊതു സംവിധാനത്തിൽ എംആർഐക്ക് മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമ്പോൾ സ്വകാര്യ മേഖലയിൽ ദിവസങ്ങൾക്കുള്ളിൽ പരിശോധന നടത്താമെന്നത് തന്നെ അസമത്വത്തിന് ഉദാഹരണമാണ്. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ, കുറഞ്ഞ ശമ്പളമുള്ള പൊതുമേഖലയിലെ ജീവനക്കാർ മികച്ച ശമ്പളം ലഭിക്കുന്ന സ്വകാര്യ ക്ലിനിക്കുകളിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമാക്കുകയും പ്രതിസന്ധിയിലായ ആരോഗ്യ സംവിധാനത്തെ കൂടുതൽ ദുർബലമാക്കുകയും ചെയ്യുമെന്ന് ഡോ. പാർക്സ് കൂട്ടിച്ചേർത്തു.







