ഓട്ടവ : ഒൻ്റാരിയോയിലെ ബ്രാംപ്ടണിലുള്ള സ്റ്റെല്ലാൻ്റിസ് കാർ അസംബ്ലി പ്ലാൻ്റ്, കനേഡിയൻ കവചിത വാഹന നിർമ്മാതാക്കളായ ‘റോഷെൽ’ (Roshel)-ന് വിൽക്കുന്നതിനുള്ള ചർച്ചകളിൽ ഫെഡറൽ സർക്കാർ പങ്കാളികളായതായി റിപ്പോർട്ട്. രഹസ്യ ചർച്ചകളിൽ, കരാർ നടപ്പിലാക്കുന്നതിന് ഫെഡറൽ സർക്കാർ യാതൊരു തടസ്സവും സൃഷ്ടിച്ചില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഫെഡറൽ സർക്കാർ പ്രതിനിധികളും ഇരു കമ്പനികളും തമ്മിൽ നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്ലാൻ്റ് വിൽപനയുടെ വാർത്ത പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യവസായ മന്ത്രി മെലാനി ജോളിയും സ്റ്റെല്ലാൻ്റിസിന്റെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബ്രാംപ്റ്റൺ അസംബ്ലി പ്ലാൻ്റ് റോഷെലിന് വിൽക്കുന്നതായി സ്റ്റെല്ലാൻ്റിസ് പ്രഖ്യാപിച്ചത്. 2023 മുതൽ പ്രവർത്തനം നിലച്ച ഈ പ്ലാൻ്റിലെ രണ്ടായിരത്തിലധികം തൊഴിലാളികൾ നിലവിൽ ‘ലേ-ഓഫ്’ അവസ്ഥയിലാണ്. ഓട്ടോമൊബൈൽ, പ്രതിരോധ നിർമ്മാണ മേഖലകൾക്കായി പ്ലാൻ്റ് പുനഃസംഘടിപ്പിക്കുമെന്നും സ്റ്റെല്ലാൻ്റിസ് തൊഴിലാളികൾക്ക് മുൻഗണന നൽകുമെന്നും റോഷെൽ അറിയിച്ചിട്ടുണ്ടെങ്കിലും എത്ര പേരെ നിയമിക്കുമെന്നത് വ്യക്തമല്ല.







