2026-ലെ സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സൺ. സാഹിത്യത്തിലെ ക്ലാസിക്കൽ ശൈലിയോടു ചേർന്നു നിൽക്കുമ്പോൾത്തന്നെ, സമകാലിക സാഹിത്യത്തിന് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച വൈവിധ്യമാർന്ന എഴുത്തിനാണ് പുരസ്കാരം. കവിത, ഉപന്യാസം, തത്ത്വചിന്ത, സാഹിത്യ വിമർശനം എന്നിവയെ ഒന്നിച്ചുചേർത്ത് പരമ്പരാഗത സാഹിത്യത്തെ മറികടക്കുന്നതാണ് അവരുടെ രചനകൾ.
1986 ൽ പ്രസിദ്ധീകരിച്ച ഇറോസ് ദ് ബിറ്റർസ്വീറ്റ് ആണ് ആനിന്റെ ആദ്യകാല പ്രധാന കൃതി.1987ൽ പ്രസിദ്ധീകരിച്ച ഗ്ലാസ്, ഐറണി ആൻഡ് ഗോഡ് അടക്കമുള്ള കൃതികളിലൂടെ കവി എന്ന നിലയിൽ ആൻ മുൻനിരയിലേക്ക് എത്തി. പുരാതന ഗ്രീക്ക്, ലാറ്റിൻ സാഹിത്യത്തിലെ കഥാപാത്രങ്ങളും ആശയങ്ങളും ആനിന്റെ രചനകളിൽ സാന്നിധ്യമാകുന്നു. ഗ്രീക്ക്, ലാറ്റിൻ ഇതിഹാസങ്ങളും മഹാരഥരായ എഴുത്തുകാരുടെ രചനകളെയും ആൻ വിവർത്തനം ചെയ്തിട്ടുണ്ട്. 2025 ൽ കനേഡിയൻ ഇൻഡി റോക്ക് ബാൻഡായ റിയോസ്റ്റാറ്റിക്സ് പുറത്തിറക്കിയ ദ് ഗ്രേറ്റ് ലേക്സ് സ്യൂട്ട് എന്ന ആൽബത്തിലും ആൻ കാഴ്സൺ പങ്കാളിയായി. പ്രിൻസ്റ്റൻ സർവകലാശാല അടക്കമുള്ള സർവകലാശാലകളിൽ അധ്യാപികയുമായി. കൈൻഡ്സ് ഓഫ് വാട്ടർ, ഇറോസ് ദ് ബിറ്റർസ്വീറ്റ്, ഷോർട്ട് ടോക്സ്, ഗ്ലാസ്, ഐറണി ആൻഡ് ഗോഡ്, ഓട്ടോബയോഗ്രഫി ഓഫ് റെഡ്, ദ് ബ്യൂട്ടി ഓഫ് ദ് ഹസ്ബൻഡ് തുടങ്ങിയവയാണ് പ്രധാന കൃതികൾ.
1950 ജൂൺ 21 ന് ഒൻ്റാരിയോയിലെ ടൊറൻ്റോയിലാണ് ആൻ ജനിച്ചത്. ഒരു ബാങ്കറായ റോബർട്ട് കാഴ്സണായിരുന്നു പിതാവ്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ലാറ്റിൻ പഠിപ്പിച്ചിരുന്ന അധ്യാപകനാണ് ആനിൽ ഗ്രീക്ക് സാഹിത്യത്തോടുള്ള താൽപര്യം വളർത്തിയത്. അദ്ദേഹം ആനിനെ ഗ്രീക്ക് ഭാഷയും സാഹിത്യവും പഠിപ്പിക്കുകയും ചെയ്തു. അതാണ് പിൽക്കാലത്ത് അവരുടെ എഴുത്തിനെ സ്വാധീനിച്ചത്. ഹൈസ്കൂളിനു ശേഷം ടൊറൻ്റോ സർവകലാശാലയിലെ സെൻ്റ് മൈക്കിൾസ് കോളജിൽ വിദ്യാർത്ഥിയായെങ്കിലും പാഠ്യപദ്ധതിയോടുള്ള താൽപര്യക്കുറവു കാരണം രണ്ടുവട്ടം കോഴ്സ് അവസാനിപ്പിക്കുകയും പിന്നീടു തുടരുകയും ചെയ്തു. ഈ ഇടവേളയിൽ ആൻ ഗ്രാഫിക് ആർട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പഠനം തുടർന്ന ശേഷം 1974 ൽ ബിരുദവും 1975 ൽ ബിരുദാനന്തര ബിരുദവും 1981 ൽ പിഎച്ച്ഡിയും നേടി. സ്കോട്ട്ലൻഡിലെ സെൻ്റ് ആൻഡ്രൂസ് സർവകലാശാലയിൽ ഗ്രീക്ക് വിമർശനപദ്ധതിയെയും കവിതയെപ്പറ്റിയുള്ള കോഴ്സും ചെയ്തു.







