എഡ്മിന്‍റൻ : ആൽബർട്ടയിലെ എയർഡ്രിയിൽ യുവതിയെ ബന്ദിയാക്കി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിലായി. കേസിൽ സന്ദർശക വീസയിൽ കാനഡയിലെത്തിയ 24 വയസ്സുള്ള കർകമൽജ്യോത് സിങ്ങാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം ഉൾപ്പെടെ എട്ട് കുറ്റങ്ങൾ ചുമത്തിയതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറിയിച്ചു.
നവംബർ 13 വെള്ളിയാഴ്ചയായിരുന്നു സംഭവം. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് അറിയിച്ച ഒരാളുടെ ക്ഷേമം അന്വേഷിക്കുന്നതിനായാണ് പൊലീസ് എയർഡ്രിയിലെ വീട്ടിലെത്തിയത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുമ്പോൾ അക്രമാസക്തനായ പ്രതി മൂർച്ചയുള്ള ആയുധം കാട്ടി ഒരു യുവതിയെ ശുചിമുറിയിൽ ബന്ദിയാക്കി വെച്ചിരിക്കുകയായിരുന്നു. പൊലീസിനെയും ബന്ദിയാക്കിയ യുവതിയെയും തന്നെയും അപായപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
തുടർന്ന് പൊലീസ് ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ, ക്യാമറകൾ എന്നിവ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുകയും സതേൺ ആൽബർട്ട എമർജൻസി റെസ്‌പോൺസ് ടീമിനെയും ക്രൈസിസ് നെഗോഷ്യേറ്റർമാരെയും സ്ഥലത്തെത്തിക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ടുനിന്ന അനുനയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, എമർജൻസി റെസ്‌പോൺസ് ടീം ബലമായി വീടിനുള്ളിൽ കടന്ന് പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, ബ്രിട്ടിഷ് കൊളംബിയയിലെ ലോവർ മെയിൻലാൻഡിൽ നിന്ന് കാണാതായ യുവതിയെ പ്രതി ദിവസങ്ങളോളം തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നുവെന്ന് വ്യക്തമായത്. ഇരുവരും തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
രക്ഷപ്പെടുത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നൽകിയ ശേഷം ഇവരെ വിട്ടയച്ചു. ഗാർഹിക പീഡനത്തിന് ഇരയായ വ്യക്തിയുടെ സ്വകാര്യത മാനിച്ച് യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കർകമൽജ്യോത് സിങ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.








