കാനഡയിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി പുതിയ റിപ്പോർട്ട്. ആശുപത്രികളിലെ എമർജൻസി റൂമുകളിൽ രോഗികൾ ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതായി ‘കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ’ (CIHI) റിപ്പോർട്ട് ചെയ്തു. 2024-2025 സാമ്പത്തിക വർഷത്തിൽ എമർജൻസി വിഭാഗത്തിൽ എത്തുന്ന പത്തിൽ ഒരാൾ ചികിത്സയ്ക്കായി 14 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നുണ്ട്. കൂടാതെ എമർജൻസി റൂമുകളിൽ നിന്ന് വാർഡുകളിലേക്ക് മാറ്റാൻ നിർദ്ദേശിക്കപ്പെടുന്ന രോഗികളിൽ പത്തിൽ ഒരാൾ വീതം 48 മണിക്കൂറിലധികം എമർജൻസി വിഭാഗത്തിൽ തന്നെ തുടരേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യരംഗത്തെ മറ്റ് അനുബന്ധ സംവിധാനങ്ങളുടെ അഭാവമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ലോങ് ടേം കെയർ ഹോമുകൾ, ഹോം കെയർ പ്രോഗ്രാമുകൾ എന്നിവയുടെ കുറവ് കാരണം തീവ്രപരിചരണം ആവശ്യമില്ലാത്ത പ്രായമായ രോഗികളെപ്പോലും ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. കൂടാതെ ഫാമിലി ഫിസിഷ്യന്മാരുടെ കുറവും ആരോഗ്യ മേഖലയിലെ പ്രതിസന്ധിക്ക് കാരണമാകുന്നു.





