കൊലപാതകവും മയക്കുമരുന്ന് കള്ളക്കടത്തും ഉൾപ്പെടെയുള്ള അതിഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ള വിദേശ പൗരന്മാരെ പുറത്താകാതെ കാനഡയിൽ തുടരാൻ അനുമതി നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. കൊടുംകുറ്റവാളികളെ ഇത്തരത്തിൽ രാജ്യത്ത് തുടരാൻ അനുവദിക്കുന്നത് ജനങളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കാനഡയിൽ നിന്നും പുറത്താക്കാൻ നിർദ്ദേശിച്ച ഒരു വ്യക്തി രാജ്യത്ത് മാരകമായ ആയുധങ്ങളും മയക്കുമരുന്നും കൈവശം വച്ചതുമായി ബന്ധപ്പെട്ട് പുതിയ കേസുകളിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഇയാളെ നാടുകടത്തുന്നതിൽ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് പുതിയ കുറ്റകൃത്യങ്ങളിലേക്ക് നയിച്ചത്. അടുത്തിടെ തോക്കുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കടുത്ത കുറ്റകൃത്യങ്ങളിൽ ഇയാൾ വീണ്ടും പിടിക്കപ്പെടുകയും കോടതി ശിക്ഷിക്കുകയും ചെയ്തതോടെയാണ് ഈ വിഷയം ചർച്ചയാകുന്നത്. ഇതോടെ രാജ്യത്തിന് ഭീഷണിയായ ഇത്തരം വിദേശ കുറ്റവാളികളെ യഥാസമയം നാടുകടത്തുന്നില്ലെന്ന പരാതി ശക്തമാവുകയാണ്. കാനഡയിലെ നാടുകടത്തൽ നടപടികളിലെ കാലതാമസവും നിയമപരമായ സങ്കീർണ്ണതകളുമാണ് കുറ്റവാളികൾക്ക് രാജ്യത്ത് സുരക്ഷിതമായി തുടരാൻ സാഹചര്യമൊരുക്കുന്നതെന്ന വിമർശനം ശക്തമായിട്ടുണ്ട്.







