കാനഡയുടെ കൗമാര വിസ്മയം സമ്മർ മക്കിൻ്റോഷ് നീന്തൽക്കുളത്തിലെ തന്‍റെ കുതിപ്പ് തുടരുന്നു. രണ്ടു ലോകറെക്കോർഡുകൾക്ക് ഉടമയായ സമ്മർ ഞായറാഴ്ച രാത്രി നടന്ന കനേഡിയൻ ട്രയൽസിൽ വനിതകളുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ രണ്ട് മിനിറ്റ് 1.65 സെക്കൻഡിൽ നീന്തിയെത്തി പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി. സൂപ്പർ-സ്യൂട്ട് യുഗം എന്നറിയപ്പെടുന്ന 2009-ൽ ചൈനീസ് നീന്തൽ താരം ലിയു സിഗെ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ പഴംകഥയായത്.
2024 ലെ പാരിസ് ഒളിംപിക്സിൽ ട്രിപ്പിൾ സ്വർണ്ണ മെഡൽ ജേതാവായ ടൊറൻ്റോയിൽ നിന്നുള്ള ഈ 19 കാരി കഴിഞ്ഞ വർഷം വിക്ടോറിയയിൽ നടന്ന ട്രയൽസിൽ അഞ്ച് ദിവസത്തിനുള്ളിൽ മൂന്ന് തവണ ലോകറെക്കോർഡിലേക്ക് കുതിച്ചു കയറിയിരുന്നു. 400 ഫ്രീസ്റ്റൈൽ, 400 വ്യക്തിഗത മെഡ്‌ലി, 200 മീറ്റർ മെഡ്‌ലെ റിലേയിലുമാണ് ലോക റെക്കോർഡുകൾ സമ്മർ സ്വന്തം പേരിലാക്കിയത്. സിംഗപ്പൂരിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ നാല് സ്വർണ്ണ മെഡലുകളും ഒരു വെള്ളിയും നേടിയിരുന്നു.
അടുത്ത മാസം കാലിഫോർണിയയിലെ ഇർവിനിൽ നടക്കുന്ന പാൻ പസഫിക് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിലാണ് സമ്മർ. ഇതിനു മുന്നോടിയായി തിങ്കളാഴ്ച 400 IM-ലും, ചൊവ്വാഴ്ച 400 ഫ്രീ-ഇനത്തിലും, ബുധനാഴ്ച 200 IM-ലും സമ്മർ മക്കിൻ്റോഷ് നീന്തൽക്കുളത്തിൽ ഇറങ്ങും.







