എബോള ഭീതിയെത്തുടർന്ന് നടപ്പിലാക്കിയ അതിർത്തി വിലക്കുകളും യാത്രാ നിയന്ത്രണങ്ങളും 30 ദിവസത്തേക്ക് കൂടി നീട്ടിയതായി കാനഡ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ.സി), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് കാനഡയിൽ പ്രവേശിക്കുന്നതിന് വിലക്ക് തുടരുന്നത്. ഇതോടെ സെപ്റ്റംബർ 28 വരെ ഈ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വീസ പ്രോസസ്സിങ് നീട്ടിവെക്കും. നിലവിൽ സാധുവായ വീസ കൈവശമുള്ള ഈ രാജ്യങ്ങളിലെ പൗരന്മാർക്കും കാനഡയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. രാജ്യത്ത് എബോള ഭീഷണി വളരെ കുറവാണെങ്കിലും രോഗതീവ്രത കണക്കിലെടുത്താണ് ഈ മുൻകരുതൽ നടപടിയെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി.
അതേസമയം ദക്ഷിണ സുഡാനിൽ ഇതുവരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല. കൂടാതെ ഉഗാണ്ടയിൽ എബോള വ്യാപനം അവസാനിച്ചതായി പ്രഖ്യാപനമുണ്ടായതോടു കൂടി രാജ്യങ്ങൾ അതിർത്തി വിലക്കുകളും യാത്ര നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം കാനഡ തള്ളിയിരിക്കുകയാണ്.
അതിർത്തി നിയന്ത്രണം നീട്ടിയതോടെ കുടിയേറ്റ അപേക്ഷ നൽകിയ ആയിരക്കണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കനേഡിയൻ പൗരന്മാരായ പങ്കാളികളുടെ അടുത്തെത്താൻ സാധിക്കാതെ നിരവധിയാളുകളാണ് വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. കനേഡിയൻ പൗരന്മാർക്ക് ക്വാറന്റൈൻ വ്യവസ്ഥകളോടെ രാജ്യത്തേക്ക് പ്രവേശിക്കാമെന്നിരിക്കെ, വിദേശ പൗരന്മാർക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തുന്നത് വിവേചനമാണെന്ന് ഇരയായവർ ആരോപിക്കുന്നു.







