newsroom@amcainnews.com

കാൽഗറി പൊലീസ് തിരോധാന കേസ്: കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ സ്വന്തം സ്ഥലങ്ങളിലും തുടരാൻ കെട്ടിട ഉടമകളോട് അഭ്യർത്ഥന

കാൽഗറിയിൽ നിന്ന് കാണാതായ പാർക്കർ (Parker) എന്ന 11 വയസ്സുകാരനായ ആൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നതോടെ, അവൻ അപ്രത്യക്ഷനായ പ്രദേശത്തുള്ള വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉടമകളോട് സ്വന്തം പറമ്പുകളും കെട്ടിടങ്ങളും വീണ്ടും പരിശോധിക്കാൻ കാൽഗറി പൊലീസ് അടിയന്തര അഭ്യർത്ഥന നടത്തി.

ജൂലൈ 16-ന് രാവിലെ 11:08-നും 11:41-നും ഇടയിലാണ് കണോട്ട് ഡ്രൈവിലെ (Connaught Drive) ഡേ-ഹോമിൽ പാർക്കറെ അവസാനമായി നേരിട്ട് കണ്ടത്. തുടർന്ന് ഉച്ചയ്ക്ക് 12:52-ഓടെ ട്രെവിസ് ക്രസന്റ് (Travis Crescent N.E.) ഭാഗത്തുള്ള ഒരു സി.സി.ടി.വി ക്യാമറയിലാണ് പിന്നീട് അവൻ പതിഞ്ഞത്. അതിനുശേഷം കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ജൂലൈ 18 ശനിയാഴ്ച ആംബർ അലേർട്ട് (Amber Alert) പുറപ്പെടുവിച്ചു.

കുട്ടി സഞ്ചരിച്ചേക്കാവുന്ന വഴികൾ വ്യക്തമാക്കുന്ന മാപ്പ് ചൊവ്വാഴ്ച പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ബുധനാഴ്ച പ്രദേശം കേന്ദ്രീകരിച്ച് കൂടുതൽ തെരച്ചിൽ നടത്താൻ പൊതുജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു. “വരും ദിവസങ്ങളിൽ നിവാസികൾ സ്വന്തം സ്ഥലങ്ങൾ നിരന്തരം പരിശോധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” എന്ന് ആക്ടിംഗ് സ്റ്റാഫ് സർജന്റ് സ്കോട്ട് ഗുണ്ടേഴ്സൺ പറഞ്ഞു. “ഗാരേജുകൾ, ഷെഡ്ഡുകൾ, ബോട്ടുകൾ, ആർ.വികൾ (RVs), വാഹനങ്ങൾ, ട്രക്കുകൾ എന്നിവയും പാർക്കറിന്റെ വലുപ്പമുള്ള ഒരു കുട്ടിക്ക് ഒളിച്ചിരിക്കാൻ സാധിക്കുന്ന എല്ലാ സ്ഥലങ്ങളും പരിശോധിക്കണം”.

ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ പരിശോധിക്കാൻ റിയൽറ്റർമാരോടും (Realtors) കെട്ടിട ഉടമകളോടും അദ്ദേഹം അഭ്യർത്ഥിച്ചു. “പാർക്കർ സഞ്ചരിച്ചുകൊണ്ടിരിക്കാൻ സാധ്യതയുള്ളതിനാൽ, മുൻപ് ഒരിക്കൽ പരിശോധിച്ച സ്ഥലത്ത് കുട്ടി പിന്നീട് എത്തിപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല”.

missing ആളുകളെ സാധാരണമായി കരുതുന്നതല്ലാത്ത നിരവധി അസാധാരണ സ്ഥലങ്ങളിൽ നിന്ന് മുൻപ് കണ്ടെത്തിയിട്ടുണ്ടെന്ന് സർജന്റ് ക്രിസ് മാർട്ടിൻ പറഞ്ഞു. അടുക്കിവെച്ചിരിക്കുന്ന ടയറുകൾക്കിടയിൽ, വിറകുപുരകളിൽ, പഴയ സാധനങ്ങൾക്കിടയിൽ, വേലികൾക്കും കാടുകൾക്കും ഇടയിൽ, ഡെക്കുകൾക്ക് അടിയിൽ, ബി.ബി.ക്യൂ ക്യാബിനറ്റുകൾ (BBQ cabinets), വേസ്റ്റ് ബിന്നുകൾ, വാട്ടർ ബാരലുകൾ, ഹോട്ട് ടബ്ബുകൾ അല്ലെങ്കിൽ സ്വിമ്മിംഗ് പൂളുകൾ എന്നിങ്ങനെ ചൂടിൽ നിന്ന് രക്ഷനേടാൻ ഒരു കുട്ടിക്ക് അഭയം പ്രാപിക്കാൻ കഴിയുന്ന എല്ലാ സ്ഥലങ്ങളും തുറന്ന് നോക്കി പരിശോധിക്കണം.

സ്വന്തം സ്ഥലങ്ങളും പൊതുയിടങ്ങളും കൃത്യമായി പരിശോധിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുമ്പോഴും, അനുവാദമില്ലാതെ മറ്റുള്ളവരുടെ സ്വകാര്യ സ്വത്തുക്കളിൽ പ്രവേശിച്ച് പരിശോധന നടത്തരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. അയൽക്കാർ വീട്ടിലില്ലാത്ത സാഹചര്യത്തിലോ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ശ്രദ്ധയിൽപ്പെട്ടാലോ ഉടമസ്ഥരെ വിവരമറിയിക്കാനോ പൊലീസിനെ ബന്ധപ്പെടാനോ നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ട്രെവിസ് സ്ട്രീറ്റ്, ട്രെവിസ് ക്രസന്റ്, ട്രെയിൽ ഡ്രൈവ്, ടെയ്‌ലർ ക്രസന്റ്, ട്രെവിസ് പ്ലേസ്, തോമസ് സ്ട്രീറ്റ് എന്നീ ഭാഗങ്ങളിലുള്ള ഒഴിഞ്ഞ വീടുകൾ പ്രത്യേകം പരിശോധിക്കണം.

ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടിലാണ് പാർക്കർ ഉള്ളതെങ്കിൽ പോലും, പൈപ്പിൽ നിന്ന് വെള്ളമെടുത്ത് കുടിക്കാനും ഫ്രിഡ്ജിൽ നിന്ന് ഭക്ഷണമെടുത്തു കഴിക്കാനും അവന് അറിയാം. അതുകൊണ്ടാണ് ആളുകൾ അവധിക്കാലത്ത് പൂട്ടിയിട്ടിരിക്കുന്ന വീടുകളും ഒഴിഞ്ഞ കെട്ടിടങ്ങളും വീണ്ടും വീണ്ടും പരിശോധിക്കാൻ ആവശ്യപ്പെടുന്നത്.

പാർക്കർ ഒരു ന്യൂറോഡൈവേർജന്റ് (Neurodivergent – ഭിന്നശേഷിയുള്ള/ഓട്ടിസം ലക്ഷണങ്ങളുള്ള) കുട്ടിയാണെന്നും സംസാരിക്കാൻ കഴിയില്ലെന്നും (Non-verbal) അപരിചിതർ അടുത്ത് ചെന്നാൽ ഭയന്നേക്കാമെന്നും പൊലീസ് അറിയിച്ചു. കൂടാതെ, തുറന്നുകിടക്കുന്ന കെട്ടിടങ്ങൾക്കുള്ളിൽ കയറി ഉള്ളിൽ നിന്ന് പൂട്ടിയിടുന്ന ശീലവും അവനുണ്ട്. അതിനാൽ കുട്ടിയെ എവിടെയെങ്കിലും കണ്ടുമുട്ടിയാൽ നേരിട്ട് അടുത്തേക്ക് പോകാതെ, ദൂരത്തുനിന്ന് നിരീക്ഷിച്ച് ഉടൻ തന്നെ 9-1-1 എന്ന നമ്പറിൽ പൊലീസിനെ വിവരമറിയിക്കുക.

400-ലധികം പൊലീസ് ഉദ്യോഗസ്ഥരും നൂറുകണക്കിന് രക്ഷാപ്രവർത്തകരും വോളന്റിയർമാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഇതിനോടകം 400-ലധികം സൂചനകൾ പരിശോധിക്കുകയും 150-ലധികം സ്ഥലങ്ങളിൽ നിന്നുള്ള ആയിരത്തിലധികം സി.സി.ടി.വി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

തിരച്ചിൽ എപ്പോൾ അവസാനിപ്പിക്കും എന്ന ചോദ്യത്തിന്, “കുട്ടിയെ കണ്ടെത്താനായുള്ള എല്ലാ വഴികളും അടയുന്ന ഒരു സമയം വന്നേക്കാം, എന്നാൽ ഇന്നത് അവസാനിപ്പിക്കില്ല,” എന്നായിരുന്നു സ്കോട്ട് ഗുണ്ടേഴ്സൺ നൽകിയ മറുപടി. “ഞങ്ങൾ ഉപേക്ഷിക്കില്ല. കുട്ടിയെ കണ്ടെത്തുന്നത് വരെ ഈ അന്വേഷണം തുടരും”. ഒരു കുട്ടി കാണാതായി ഇത്രയും നീണ്ട സമയം തിരച്ചിൽ നടത്തേണ്ടി വരുന്നത് നഗര ചരിത്രത്തിൽ തന്നെ വളരെ അപൂർവ്വമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

കാനഡയിലുടനീളം കാട്ടുതീ പടരുന്നു: വായുമലിനീകരണം രൂക്ഷം

കാനഡയിലെ കാട്ടുതീ പുക അമേരിക്കയിലേക്ക്: 18 സംസ്ഥാനങ്ങളില്‍ വായു ഗുണനിലവാര മുന്നറിയിപ്പ്

ടെസ്റ്റ് ഡ്രൈവിനിടെ തോക്കുചൂണ്ടി കാർ തട്ടിയെടുത്തു; പ്രതിയെ പിടികൂടി കനേഡിയൻ പോലീസ്

അൽബെർട്ടയുടെ ഊർജ്ജ റീബേറ്റ്: ഏകദേശം 8 ലക്ഷം പേർ അപേക്ഷിച്ചു, പണം ഉടൻ ലഭിക്കുമെന്ന് ഡാനിയേൽ സ്മിത്ത്

ആഗോള പാസ്‌പോർട്ട് റാങ്കിങ്: ഏഴാം സ്ഥാനം നിലനിർത്തി കാനഡ

‘അവർ നമുക്ക് നഷ്ടപരിഹാരം നൽകണം’: അമേരിക്കൻ നഗരങ്ങളെ ശ്വാസം മുട്ടിക്കുന്ന പുകയ്ക്ക് കാനഡയ്ക്ക് മേൽ നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി

Top Picks for You
Top Picks for You