ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്തുന്ന യുഎസ് ഡോണൾഡ് ട്രംപിന്റെ പുതിയ ഉത്തരവ് ഫെഡറൽ കോടതി സ്റ്റേ ചെയ്തു. ‘ബർത്ത് ടൂറിസം’ തടയുക എന്ന ലക്ഷ്യത്തോടെ ട്രംപ് കൊണ്ടുവന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിനാണ് മേരിലാൻഡ് ഗ്രീൻബെൽറ്റിലെ യു.എസ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ തടയിട്ടത്. അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾ ജനനത്താൽ തന്നെ പൗരന്മാരാണെന്ന സുപ്രീം കോടതി വിധി ജഡ്ജി ഡെബോറ ബോർഡ്മാൻ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ വർഷം ട്രംപ് നടപ്പാക്കിയ ആദ്യ ഉത്തരവിനെതിരെ കുടിയേറ്റ അവകാശ സംഘടനകൾ നൽകിയ ഹർജിയിൽ ജഡ്ജി ബോർഡ്മാൻ സ്റ്റേ നൽകിയിരുന്നു. തുടർന്ന്, അമേരിക്കയിൽ കുട്ടികളെ പ്രസവിക്കാനായി മാത്രം വിദേശത്തുനിന്ന് സ്ത്രീകൾ എത്തുന്ന ‘ബർത്ത് ടൂറിസം’ തടയുക ലക്ഷ്യമിട്ട് ട്രംപ് ഓഗസ്റ്റ് ആറിന് പുതിയ ഉത്തരവുകളിൽ ഒപ്പുവെച്ചു. വിദേശ സർക്കാരുകൾക്കായി അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെയോ, പൗരത്വത്തിനായി തട്ടിപ്പ് നടത്തുന്നവരുടെയോ, ‘ഏലിയൻ എനിമീസ്’ ആയി പ്രഖ്യാപിക്കപ്പെട്ടവരുടെയോ കുട്ടികൾക്ക് പൗരത്വം നിഷേധിക്കുന്നതായിരുന്നു പുതിയ ഉത്തരവ്.







