രജിസ്‌ട്രേഷൻ മാറ്റാത്തതതിനാൽ വിറ്റ കാറിന് പഴയ ഉടമ നല്കേണ്ടി വന്നത് 1,500 ഡോളറിൻ്റെ ടോവിംഗ് ബിൽ. ലാങ്‌ലിക്ക് സമീപം താമസിക്കുന്ന വിരമിച്ച ട്രക്ക് ഡ്രൈവറായ 66-കാരനായ ഡാരെൽ നാഷിനാണ് ഇത്രയും പിഴ ഒടുക്കേണ്ടി വന്നത്. തൻ്റെ 2004 മോഡൽ അക്യൂറ എസ്.യു.വി. വിറ്റതിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് നാഷിന് ഇത്രയും തുക അടയ്ക്കേണ്ടി വന്നത്.
വെറും 500 ഡോളറിന് വാഹനം വിറ്റപ്പോൾ ആ ഇടപാട് പൂർത്തിയായെന്നാണ് നാഷ് കരുതിയത്. എന്നാൽ, മൂന്ന് മാസങ്ങൾക്കുശേഷം 1,500 ഡോളറിൻ്റെ ടോവിംഗ്, സ്റ്റോറേജ് ബില്ല് ലഭിച്ചത് നാഷിനെ ഞെട്ടിച്ചു. നിയമപരമായ കൈമാറ്റ ഫോമുകൾ പൂരിപ്പിച്ചതിന് ശേഷമാണ് വാങ്ങിയയാൾ വാഹനം കൊണ്ടുപോയത്. എന്നാൽ, വാഹന കൈമാറ്റ നിയമത്തിലെ പഴുത് കാരണമാണ് ഈ വലിയ സാമ്പത്തിക ബാധ്യതയിൽ കുടുങ്ങിയതെന്ന് അദ്ദേഹം പറയുന്നു.
ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന സമയത്താണ് വാഹനം വിറ്റത്. വിറ്റ് മൂന്ന് മാസം കഴിഞ്ഞപ്പോൾ, 35 കിലോമീറ്റർ അകലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയതായി പോലീസ് നാഷിനെ വിളിച്ചറിയിച്ചു. ആ സമയത്തും ഇൻഷുറൻസില്ലാത്ത വാഹനം നാഷിൻ്റെ പേരിൽത്തന്നെയായിരുന്നു രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്. ഇതേ തുടർന്നാണ് അദ്ദേഹത്തിന് 1500 ഡോളർ നല്കേണ്ടി വന്നത്.







